Articles Chitradarsanam Details

സി.എച്ച്: രാഷ്ട്രീയനഭസ്സിലെ താരകം

Author : മാങ്ങാട് രത്‌നാകരൻ

calender 31-03-2025

സി.എച്ച്. മുഹമ്മദ് കോയയുടെ (1927-1983) ജീവിതയാത്ര അസാധാരണമെന്നേ പറയാവൂ. അത്തോളിയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച്, സ്വപ്രയത്നത്താല്‍ കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെയെത്തിയ ബഹുമുഖപ്രതിഭ. ജനമനസ്സില്‍ ഇത്രയേറെ സ്നേഹാദരങ്ങള്‍ നേടിയ നേതാക്കള്‍ അധികമില്ല. 
    വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സി.എച്ച്. പൊതുരംഗത്തു വരുന്നത്. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതുപോലെത്തന്നെ എഴുത്തുകാരനും വാഗ്മിയും പത്രാധിപരുമായിരുന്നു. സ്പീക്കര്‍, ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവ പദവികള്‍ വഹിച്ചു. അകാലത്തില്‍ ചരിത്രത്തില്‍ വിലയിക്കുമ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
    സി.എച്ച്. മുഹമ്മദ്കോയ കേരള മുഖ്യമന്ത്രിയായത് സംസ്ഥാന രാഷ്ട്രീയത്തിലെ അസാധാരണമായ ഒരു സാഹചര്യത്തിലാണ്. അതിന്റെ നാള്‍വഴി ചുരുക്കത്തില്‍ ഇങ്ങനെയാണ്: കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ വിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച എ.കെ.ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചു (1978 ഒക്ടോബര്‍ 27). അതോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടന്നു. ആന്റണി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പി.കെ.വാസുദേവന്‍ നായര്‍ ആറു പാര്‍ട്ടികളുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി (1978 ഒക്ടോബര്‍ 29). സൈലന്റ്വാലി ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളും തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.ഐ നേരിട്ട തിരിച്ചടിയും മൂലം പി.കെ.വി മന്ത്രിസഭ ആടിയുലഞ്ഞു. ഇടതുപക്ഷ ഐക്യത്തില്‍ മാത്രമാണ് രാഷ്ട്രീയഭാവി എന്ന് സി.പി.ഐ തിരിച്ചറിഞ്ഞു. മുന്നണി വിട്ടുവന്നാല്‍ മാത്രം ഐക്യം എന്ന സി.പി.എം കടുംപിടുത്തത്തിന് സി.പി.ഐക്കു വഴങ്ങേണ്ടിവന്നു. കഷ്ടിച്ച് ഒരു വര്‍ഷം മാത്രം നീണ്ടുനിന്ന ഭരണസാരഥ്യം പി.കെ.വി കൈയൊഴിഞ്ഞു; മുഖ്യമന്ത്രിപദം രാജിവച്ചു (1979 ഒക്ടോബര്‍ 7). 
    പി.കെ.വിയുടെ രാജിയോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങും എന്നായിരുന്നു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയത്. പക്ഷേ, സി.എച്ച്. മുഹമ്മദ്കോയയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു. കോണ്‍ഗ്രസ് ആന്റണി വിഭാഗത്തിന്റേതുള്‍പ്പെടെ ഏഴു പാര്‍ട്ടികളില്‍പെട്ട 83 എം.എല്‍.എമാരുടെ പിന്തുണയോടെ സി.എച്ച്. മുഖ്യമന്ത്രിയായി (1979 ഒക്ടോബര്‍ 12). 
    ''ഉടലെടുത്ത അനിശ്ചിതത്വം നീണ്ടുപോയാല്‍ ഒരു ജനാധിപത്യ ഭരണകൂടം ഇല്ലാതെവരുന്ന സ്ഥിതിവിശേഷത്തെ നമുക്ക് നേരിടേണ്ടി വരുമായിരുന്നു. തെറ്റുകുറ്റങ്ങളുണ്ടായാല്‍പോലും ഒരിക്കലും ഭരണപരമായി മറ്റേത് താല്‍ക്കാലിക ഏര്‍പ്പാടുകളും ഒരു ജനാധിപത്യ ഭരണകൂടത്തിനു ബദലാവുകയില്ല. രാഷ്ട്രീയപ്രബുദ്ധരായ ജനലക്ഷങ്ങളുടെമേല്‍ അനാവശ്യമായും അനവസരത്തിലും ജനാധിപത്യ ഗവണ്‍മെന്റ് ഇല്ലാത്ത ഒരു സ്ഥിതി അടിച്ചേല്പിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്കു ഭൂഷണമാവുകയില്ല. ഇത്തരമൊരു ഘട്ടത്തിലാണ് ജനലക്ഷങ്ങളുടെ വികാരം മാനിച്ചുകൊണ്ടും ജനങ്ങളോടുള്ള ഉത്തരവാദിത്വംകൊണ്ടും ഭീരുത്വം കാട്ടി ഒളിച്ചോടാതെ ഒരു ഗവണ്‍മെന്റിന് രൂപം നല്‍കാന്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും മുന്നോട്ടുവന്നിട്ടുള്ളത്. ഒരു ചെറിയ കാലയളവില്‍പ്പോലും പ്രസിഡന്റ് ഭരണം ഒഴിവാക്കുകയും ജനാധിപത്യം സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഞങ്ങളെ മുഖ്യമായും ഈ സംരംഭത്തിനു പ്രേരിപ്പിച്ചത്,'' സി.എച്ച്. മുഹമ്മദ്കോയ പറഞ്ഞു.1 
    അമ്പതുദിവസം മാത്രമേ സി.എച്ച് മന്ത്രിസഭ നീണ്ടുനിന്നുള്ളൂ. കെ.എം.മാണി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് മറുകണ്ടം ചാടി. പിടിച്ചുനില്‍ക്കാനുള്ള സി.എച്ചിന്റെ ശ്രമം വൃഥാവിലായി. ഗവര്‍ണര്‍ മന്ത്രിസഭ പിരിച്ചുവിട്ടു. (1979 ഡിസംബര്‍ 1)

    ചെറിയാരം കണ്ടി മുഹമ്മദ് കോയ എന്ന സി.കെ.മുഹമ്മദ് കോയ സി.എച്ച്.മുഹമ്മദ് കോയ (1927-1983) ആയതിനു കാരണം, ഒന്നാം ക്ലാസില്‍ ചേര്‍ത്തപ്പോള്‍ സ്‌കൂള്‍ മാസ്റ്റര്‍ക്ക് പറ്റിയ കൈപ്പിഴവാണ്. സി.എച്ച്. അതു തിരുത്താന്‍ പോയതുമില്ല. കോളേജ് വിദ്യാഭ്യാസ കാലത്ത് അതിന് 'കംപാനിയന്‍ ഓഫ് ഓണര്‍' (Companion of Honour) എന്നൊരു രസകരമായ 'വികാസം' കണ്ടെത്തുകയും ചെയ്തു! കോഴിക്കോട് വീടുപണിതപ്പോള്‍ 'ക്രസന്റ് ഹൗസ്' എന്നു പേരിട്ട്, സി.എച്ചും ഇസ്ലാമിന്റെ നിത്യപ്രതീകവും ഉള്‍ച്ചേര്‍ത്തു. 
    നമ്മുടെ നാട്ടില്‍ പൊതുവേ ഇനീഷ്യലുകളില്‍ അറിയപ്പെടാറുള്ളത് കമ്യൂണിസ്റ്റ് നേതാക്കളാണെങ്കിലും സി.എച്ച്. എന്നു കേട്ടാല്‍ കമ്യൂണിസ്റ്റുകാരുടെ പോലും മനസ്സില്‍ തെളിയുക സി.എച്ച്.കണാരനാവില്ല. ഇനീഷ്യല്‍ തന്നെയാണ് സി.എച്ചിന് അലങ്കാരവും; ബഹുമതിയുമായത്.
    'ആജന്മ മുസ്ലിംലീഗുകാരന്‍' ആയിരുന്നുവെങ്കിലും ആ കണ്ണിലൂടെ മാത്രം ലോകത്തെ കണ്ട ഒരാളല്ല സി.എച്ച്. സി.എച്ചിനെ ആകര്‍ഷിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ കെ.പി.കേശവമേനോന്‍, എ.കെ.ഗോപാലന്‍, മുഹമ്മദ് അബ്ദുറഹിമാന്‍, ഡോ.കെ.ബി.മേനോന്‍ എന്നിവരായിരുന്നു. വിശേഷിച്ചും, മുഹമ്മദ് അബ്ദുറഹിമാന്‍. ''അന്ന് അബ്ദുറഹിമാന്‍ സാഹിബ് പറഞ്ഞ പലതും മുസ്ലിം സമുദായത്തിനു മനസ്സിലാവുമായിരുന്നില്ല. സമുദായത്തിനു മനസ്സിലാവുംപോലെ പറയാന്‍ സാഹിബിനും അറിഞ്ഞുകൂടായിരുന്നു. സാഹിബ് കാലത്തിനുമുമ്പേ വന്ന നേതാവാണ്.''2
    കേരളത്തിലെ 'രാഷ്ട്രീയ ഫലിത കഥാസഞ്ചയ'ത്തില്‍ ഏറ്റവും പ്രസിദ്ധം സീതിഹാജി ഫലിതങ്ങളാകാമെങ്കിലും അതിലേറെയും കെട്ടിയുണ്ടാക്കിയവയാണ്. അതിലെ 'ബെസ്റ്റ് എന്‍ട്രി' സി.എച്ചിന്റെ വകയാണുതാനും: ''ഹജ്ജിനു പോയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സൗകര്യമായി കല്ലെറിഞ്ഞു, അപ്പോള്‍ ചെകുത്താന്‍ ചോദിക്കുകയാണ്: ''സീതിഹാജി, നമ്മള് തമ്മിത്തമ്മില് ഇതു വേണോ?'' 
    'വാള്‍' (wall) എടുത്തവരെല്ലാം മാധ്യമവിമര്‍ശകരാവുന്ന ഇക്കാലത്ത്, സി.എച്ചിന്റെ പഴയൊരു ഫലിതത്തിന് ഇരട്ടിമധുരം കൈവരും: ചന്ദ്രിക സാമ്പത്തിക പ്രതിസന്ധിയിലായ ഒരു ഘട്ടത്തില്‍ മുഖ്യപത്രാധിപരായ സി.എച്ചിനോട്, ആ മാസം ശമ്പളം കൊടുക്കാന്‍ പ്രയാസമാണെന്ന് മാനേജര്‍ അറിയിച്ചു. ആഫീസിന് എതിര്‍വശത്തുള്ള ക്രിസ്ത്യന്‍പള്ളിയുടെ ചുമരിലെ മഹദ്വചനം മാനേജര്‍ക്ക് ചൂണ്ടിക്കാട്ടി, അത് എഴുതിയെടുത്ത് എല്ലാവര്‍ക്കും കൊടുക്കാന്‍ സി.എച്ച്. ഉപദേശിച്ചു: ''പാപത്തിന്റെ ശമ്പളം മരണമത്രെ.''
    സി.എച്ചിന്റെ രാഷ്ട്രീയ ജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളും പുനലൂര്‍ രാജന്‍ ചിത്രീകരിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കള്‍ക്കൊപ്പമുള്ള സി.എച്ചിനെ നാമതില്‍ കാണും. വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലില്‍ വീടിന്റെ മുറ്റത്തുവച്ചാണ് ഇതിലെ ഒരു ഫോട്ടോ പുനലൂര്‍ രാജന്‍ എടുത്തത്. ബഷീറിന്റെ മകള്‍ ഷാഹിനയാണ് സി.എച്ചിന്റെ മടിയില്‍. (1967). സൗകര്യം കിട്ടുമ്പോഴൊക്കെ സി.എച്ച്. ബഷീറിനെ ചെന്നുകാണുമായിരുന്നു; ബഷീറിന് സി.എച്ചിനോടും വലിയ വാത്സല്യമായിരുന്നു. അതിനു കാരണം തിരക്കിയപ്പോള്‍ ബഷീര്‍ പറഞ്ഞു, ''വല്ല വിവരവും ഉണ്ടോ സാറേ, സി.എച്ച് ഇവിടത്തെ സാദാ രാഷ്ട്രീയക്കാരനെപ്പോലെ ഒരുത്തനല്ല. പുസ്തകം വായിക്കും. വായിച്ചതു മനസ്സിലാക്കാനുള്ള സാമാനം ആ തലയ്ക്കകത്തുണ്ട്.''3 
    ബഷീറിനെ സി.എച്ച്. വലിയ എഴുത്തുകാരനായി കണ്ടിരുന്നുവെങ്കിലും അതിലേറെ പ്രിയം ഉറൂബിനോടായിരുന്നു. ഇഷ്ടനോവല്‍: ഉമ്മാച്ചു. രാഷ്ട്രീയനേതാവെന്നതിലേറെ ഒരെഴുത്തുകാരനായി അറിയപ്പെടാനാണ് സി.എച്ച്. ആശിച്ചത്.

(ഏഷ്യാനെറ്റ്‌ ന്യൂസ്‌ മുൻ കോർഡിനേറ്റിംഗ്‌ എഡിറ്ററാണ്‌ എഴുത്തുകാരനും യാത്രികനുമായ മാങ്ങാട്‌ രത്‌നാകരൻ)

കുറിപ്പുകൾ
1. കേരളത്തിന്റെ രാഷ്ട്രീയചരിത്രം, ആർ.കെ.ബിജുരാജ്, ഡി.സി.ബുക്‌സ്, 2021
2. സി.എച്ചിന്റെ കഥ, നവാസ് പൂനൂർ, ഒലിവ്, 2019
3. സ്‌നേഹിച്ചും തർക്കിച്ചും, എം.എൻ.കാരശ്ശേരി, ഒലിവ്, 2021

Share