Articles Editorial Details

ചിരിയും ചിന്തയും നിരോധിക്കണമോ?

Author : R S Babu

calender 07-03-2025

ചിരിയും ചിന്തയും ഇന്ത്യയിൽ പാടില്ലെന്നാണോ? വ്യാജൻ മാത്രം വിലസിയാൽ മതി എന്നാണോ? ഈ സന്ദേഹത്തിന് നിദാനമായി നമുക്കുമുന്നിൽ മൂന്നു സംഭവങ്ങൾ നിരക്കുകയാണ്.

കേരളത്തെപ്പറ്റി സമീപകാലത്ത് ഒരു വീഡിയോ പ്രചരിച്ചു. റിപ്പബ്ലിക്ക് ചാനലും ടൈംസ് നൗവും അത് ആഘോഷമാക്കി. സംഗതി വൈറലായി. സംഭവം കാസർഗോഡ്  കുമ്പളയിലുണ്ടായതാണ്. ബൂർഖ ധരിച്ച പെൺകുട്ടികൾ ബൂർഖ ധരിക്കാത്ത ഒരു സ്ത്രീയോട് കലഹിക്കുന്നു എന്നായിരുന്നു വീഡിയോ വ്യാഖ്യാനം. ബൂർഖ ധരിക്കാത്തതിലുളള അരിശം എന്ന വിധത്തിൽ ദേശീയ പാർട്ടിയുടെ പുത്തൻകൂറ്റുകാരനായ നേതാവ് അതിനെ ട്വീറ്റ് ചെയ്തു. ബൂർഖ ധരിക്കാതെ കേരളത്തിൽ യാത്ര അനുവദിക്കുന്നില്ല എന്ന ചിത്രീകരണത്തോടെ ദേശീയം എന്ന് വിളിക്കപ്പെടുന്ന ചാനലുകൾ ചർച്ചയാക്കി. വർഗീയത കൊടികുത്തി വാഴുന്ന മോശമായ ഇടമാണ് കേരളം എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ലാക്കാക്കിയത്. സത്യാവസ്ഥ മറ്റൊന്നായിരുന്നു. കുമ്പളയിൽ ഒരു കോളേജിലെ ബൂർഖ ധരിച്ച വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് വീഡിയോ. സ്‌റ്റോപ്പിൽ ബസ് നിർത്താത്തതിനെ ചൊല്ലിയുണ്ടായ സാധാരണ തർക്കം. ഇതിനെയാണ് വക്രീകരിച്ച് വർഗീയ വിഷമാക്കിയത്.

ഇതിന്റെ തന്നെ മറ്റൊരു രൂപമാണ് 33,000 യുവതികളെ വിവാഹക്കുരുക്കിൽ കുടുക്കി മതംമാറ്റി എന്ന് സ്ഥാപിക്കാൻ കേരള സ്റ്റോറി എന്ന ചലച്ചിത്രം കേന്ദ്രഭരണകൂടത്തിന്റെ പിന്തുണയോടെ വർഗീയ രാഷ്ട്രീയ ഉത്സവമാക്കിയത്. എന്നാൽ, ഈ സത്യഹത്യ നടത്തിയ ശക്തികൾ തന്നെ എംപുരാൻ എന്ന സിനിമക്കെതിരെ വാളോങ്ങി. പിടിച്ചുനിൽക്കാനാകാതെ നിർമാതാക്കൾ സ്വയം സെൻസർഷിപ്പിന് ചിത്രത്തെ വിധേയമാക്കി. കേന്ദ്രസർക്കാരിനെ നയിക്കുന്ന കേഡർ സംഘടനയുടെ മുഖപത്രമാകട്ടെ സിനിമയെ വിലക്കാനും സംവിധായകൻ പൃഥ്വിരാജിനെയും നടൻ മോഹൻലാലിനെയും നിർമാതാക്കളായ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ എന്നിവരെയും ദേശദ്രോഹികളായി ചാപ്പകുത്തി ഇഡിയെ വിട്ട് സർക്കാർ ഭീഷണിപ്പെടുത്താനും തുനിഞ്ഞു. കേരള സ്റ്റോറി മാത്രമല്ല, കശ്‌മീർ ഫയൽസ് ഉൾപ്പെടെ എത്രയോ സിനിമകൾ ചരിത്രത്തെയും വർത്തമാനത്തെയും വക്രീകരിച്ചു. അപ്പോഴാണ് ചരിത്രത്തോട് നീതിപുലർത്തുന്ന, ഗുജറാത്ത് വംശഹത്യയെ ഓർമ്മിപ്പിക്കുന്ന കഥാഭാഗവും രംഗങ്ങളും എംപുരാനിൽ വന്നുപോയതിനാൽ ഭരണകൂട ശക്തികൾ ചിത്രത്തിനെതിരെ ചന്ദ്രഹാസമിളക്കിയത്.

ഗുജറാത്ത് കലാപത്തെപ്പറ്റി ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിനാണ് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുളള ബിബിസിയെ ഇന്ത്യയിൽ നിന്നും കേന്ദ്രസർക്കാർ കെട്ടുകെട്ടിച്ചത്. ഗുജറാത്ത് വംശഹത്യയെ ആസ്‌പദമാക്കി പത്തുവർഷം മുമ്പുവരെ നിരവധി ചിത്രങ്ങൾ വ്യത്യസ്ത ഭാഷകളിൽ വന്നിട്ടുണ്ട്. ടി.വി.ചന്ദ്രന്റെ തന്നെ 'കഥാവശേഷൻ', 'വിലാപങ്ങൾക്കപ്പുറം', 'ഭൂമിയുടെ അവകാശികൾ' എന്നീ മലയാള ചിത്രങ്ങൾ. രാകേഷ് ശർമ സംവിധാനം ചെയ്‌ത ‘ഫൈനൽ സൊല്യൂഷൻ’ എന്ന ഡോക്യുമെന്ററി എന്നിവ ഉണ്ടായി. ഗുജറാത്ത് കലാപത്തിൽ കാണാതായ ഒരു കുട്ടിയുടെ യഥാർത്ഥ കഥയെ ആസ്‌പദമാക്കിയുളളതാണ് രാഹുൽ ധൊലാകിയ സംവിധാനം ചെയ്‌ത ‘പർസാനിയ’. നന്ദിത ദാസ് സംവിധാനം ചെയ്‌ത ‘ഫിറാഖ്’ കലാപാനന്തരമുളള സാധാരണക്കാരുടെ ജീവിതത്തെയാണ് വിവരിച്ചത്. ഗോധ്ര സംഭവത്തിന്റെ പശ്ചാത്തലത്തിലുളള ഒരു റൊമാന്റിക് ത്രില്ലറാണ് ‘ചാംന്ദ് ബൂച്ഛ് ഗയ’. അന്നൊന്നുമില്ലാത്ത അസഹിഷ്ണുതയാണ് ഇന്ന്. ഒരു ചലച്ചിത്രത്തെ ചലച്ചിത്രമായി കാണാനുളള വിവേകം ഭരണാധികാരികൾക്കുണ്ടാവേണ്ടതാണ്.

എംപുരാൻ അഭിമാനകരമായ ഒരു ചലച്ചിത്രമാണ്. അതിനുകാരണം, നമ്മുടെ കാലത്തെ അഭിമാനം കൊളളാൻ വയ്യാത്ത ഒന്നാക്കിയ മതവിദ്വേഷ രാഷ്ട്രീയത്തോട് ഈ ചിത്രം വിയോജിക്കുന്നു എന്നതാണ്. ഇതിനെ ഒരു സമ്പൂർണരാഷ്ട്രീയ ചിത്രമായി കാണേണ്ടതില്ല. എന്നാൽ ഒരു പുലരിവെളിച്ചത്തിലേക്ക് ദൃഷ്ടി ഉണർത്താൻ നമ്മുടെ കാലഘട്ടത്തെ പ്രേരിപ്പിക്കുന്ന ഒരു ചലച്ചിത്രമാണ്. സ്മൃതിനാശത്തിൽ നിന്നും ഒരു സമൂഹത്തെ ഉണർത്താൻ കുറേയൊക്കെ സഹായിക്കുന്ന ഒരു കലാസൃഷ്ടി. ഭരണകൂട ദുർനടപടികൾക്ക് ഏറാൻ മൂളുന്ന തലയാട്ടി ചലച്ചിത്രകാരന്മാരുടെ എണ്ണം കൂടുകയാണ്. ഈ ഘട്ടത്തിലാണ് ചലച്ചിത്രത്തെ മാനവിക സ്നേഹത്തിന്റെ സാംസ്‌കാരികരൂപമാക്കി മാറ്റിയത്. ഇതിൽ നായകനടനാകാൻ മോഹൻലാൽ തയ്യാറായി എന്നത് പ്രശംസാർഹമാണ്.

ഒരു വശത്ത് സത്യത്തിനുനേരെ കണ്ണുതുറക്കുന്ന ചലച്ചിത്രത്തെ വച്ചുപൊറുപ്പിക്കാത്ത ഭരണാധികാരശക്തികൾ തന്നെ മറുവശത്ത് ചിരിയെ വിലക്കാനും ഇറങ്ങിയിരിക്കുന്നു. ചിരി സന്തുഷ്ടിയുടെ അടയാളമാണ്. സന്തുഷ്ടിയുടെ ആഗോള സൂചികയെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഏജൻസി തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 143 രാജ്യങ്ങളിൽ 126 ആണ്. ചിരിയിൽ ലോകം അന്നുമിന്നും കാണുന്ന ആദ്യമുഖം ചാർലി ചാപ്ലിന്റേതാണ്. അദ്ദേഹത്തിന്റെ ഗ്രേറ്റ് ഡിക്ടേറ്റർ ഹിറ്റ്ലറെ ചിരിപ്പിച്ച് നന്നാക്കാൻ ഉദ്ദേശിച്ച് ചെയ്ത‌ ചിത്രമാണ്. പക്ഷേ, അതുകണ്ട് അരിശംകൊണ്ട ഹിറ്റ്ലർ ചാർലി ചാപ്ലിൻ വസിച്ച ബ്രിട്ടനിൽ ബോംബിടാൻ കല്‌പിച്ചു. ചിരിപ്പിച്ച് ഭരണാധികാരികളെ പരിവർത്തനം ചെയ്യിപ്പിക്കാം എന്നു കരുതുന്ന കലാകാരന്മാരേ, നിങ്ങൾക്ക് ഇപ്പോഴും തെറ്റി. അതുകൊണ്ടാണ് 36-കാരനായ കുനാൽ കമയുടെ കോമഡി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയേയും അദ്ദേഹത്തിന്റെ ശിവസേനക്കാരെയും കോപാകുലരാക്കിയത്. കമ്രയുടെ കോമഡി ഷോ ഷൂട്ട് ചെയ്‌ത മുംബൈയിലെ ഹോട്ടൽ തിയേറ്റർ ശിവസേന ഏകനാഥ് ഗ്രൂപ്പ് അടിച്ചുതകർത്തു. കമ്ര പ്രശസ്ത ഹിന്ദി സ്റ്റാൻഡപ്പ് കൊമേഡിയനാണ്. 2013 മുതൽ ശ്രദ്ധേയൻ. 2017ൽ നോട്ട് നിരോധിച്ചപ്പോൾ സർക്കാരും ദേശഭക്തരും ഈ സ്റ്റാൻഡപ്പ്‌ കൊമേഡിയന്‌ എതിരെ തിരിഞ്ഞു. വധഭീഷണിയും നേരിട്ടു. വാടകവീട്ടിൽ നിന്നും പുറത്താക്കി. മദ്രാസ് ഹൈക്കോടതിയുടെ പരിധിയിലുള്ള തമിഴ്‌നാട്ടിലെ വില്ലുപുരം പട്ടണത്തിൽ സ്ഥിരതാമസക്കാരനാണ്. അതിനാലാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയത്.

കമ്രയെ കൂടുതൽ ശ്രദ്ധേയനാക്കിയതിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമായുളള ഉരസലും കാരണമാണ്. വിമാനയാത്രയിൽ ചോദ്യം ചോദിച്ച് അർണബിനെ ഉത്തരംമുട്ടിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങളിൽ അർണബ് സ്വീകരിച്ച സമീപനത്തെ എതിർത്തുകൊണ്ട്, നിങ്ങൾ മാധ്യമപ്രവർത്തകനോ? ഭീരുവോ? സങ്കുചിത ദേശീയവാദിയോ? എന്ന് കമ്ര ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നു. അത് കുനാൽ കമ്ര ട്വീറ്റ് ചെയ്‌തു. ഇതെത്തുടർന്ന് ഇൻഡിഗോ ഉൾപ്പെടെയുളള വിമാനക്കമ്പനികളുടെ യാത്രാവിലക്കും ഉണ്ടായി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്കെതിരെ കോമഡി പരിപാടിയിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഇപ്പോഴത്തെ കോലാഹലം. ഗദ്ദാർ (രാജ്യദ്രോഹി) ബാപ്ചോരി (തന്തയെക്കട്ടവൻ) എന്നീ പദങ്ങൾ കുനാൽ പറഞ്ഞിരുന്നു. അതിന്റെ മറപിടിച്ചാണ് പ്രതിഷേധം. ഷിൻഡെയുടെ പേര് പറഞ്ഞിരുന്നില്ല.

'Don't spare me' എന്നു പറഞ്ഞ, വിമർശനം ആസ്വദിച്ച ഒരു പ്രധാനമന്ത്രി -ജവഹർലാൽ നെഹ്റു ഭരിച്ച നാടാണ് നമ്മുടേത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ആവിഷ്ക്കാരസ്വാതന്ത്ര്യം. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1) (എ) ഓരോ പൗരനും സംസാരത്തിനും ആവിഷ്‌ക്കാരത്തിനും ഉളള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നതാണ്. ഈ മൗലികാവകാശം വെല്ലുവിളിക്കപ്പെടുകയാണ്. ചലച്ചിത്രപ്രവർത്തകർ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ എന്നിവരും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ പാടില്ല എന്ന് വരുകയാണ്. അധികാരത്തിന്റെ അധാർമികതയെ ചോദ്യം ചെയ്യുന്നവരെയും വിമർശിക്കുന്നവരെയും നിശ്ശബ്ദരാക്കാൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു. ഇത് സിനിമ ഉൾപ്പെടെയുളള മാധ്യമങ്ങളിൽ ഒരുതരം സ്വയം സെൻസർഷിപ്പിന് വഴിയൊരുക്കിയിരിക്കുകയാണ്. സത്യം വിളിച്ചുപറയാൻ മടിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല.

അസഹിഷ്ണു‌തയുടെ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നതിനാൽ ബഹുസ്വരതയ്ക്ക് ഇടമില്ലാതാകുന്നു. ഈ വെല്ലുവിളി നേരിടാൻ ചലച്ചിത്രസമൂഹവും കലാകാരന്മാരും മാധ്യമങ്ങളും ജനങ്ങളും ജനാധിപത്യവാദികളും ഒരുമിച്ചു നിൽക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യൻ ജനാധിപത്യത്തിന് നട്ടെല്ലു വേണമെങ്കിൽ ആവിഷ്ക്കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അതിനുള്ള പോരാട്ടം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ആർ എസ് ബാബു

എഡിറ്റർ ഇൻ ചീഫ്

ഫെബ്രുവരി-മാർച്ച് 2025 MEDIA 7

Share