Articles Editorial Details

മാധ്യമങ്ങൾക്ക് എന്തിന് യുദ്ധഭ്രാന്ത്

Author : ആർ എസ്‌ ബാബു (എഡിറ്റർ ഇൻ ചീഫ്‌)

calender 31-05-2025

ഭീകരതയ്ക്കെ‌തിരെ കർക്കശ നിലപാട് എടുക്കുമ്പോൾത്തന്നെ യുദ്ധഭ്രാന്തിലേക്ക്  രാജ്യത്തെ എത്തിക്കാതിരിക്കാൻ മാധ്യമങ്ങൾക്ക് പങ്കുവഹിക്കാനാകും. എന്നാൽ, മാധ്യമങ്ങൾക്കു തന്നെ യുദ്ധഭ്രാന്ത് പിടിപെട്ടാലോ, ഈ ദുരന്തം നമുക്ക് ഉണ്ടായി. അത് അപമാനമാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ സൈനിക സംഘർഷം വർദ്ധിച്ചതിനുമധ്യേ മെയ് 10ന് വെടിനിർത്തൽ പ്രഖ്യാപനം വന്നു. ഒരു പൂർണയുദ്ധത്തിൻ്റെ വക്കിൽനിന്നുള്ള പിൻവാങ്ങലായിരുന്നു. ഈ ഘട്ടത്തിൽ മാധ്യമങ്ങൾ അനുഷ്‌ഠിച്ച റോൾ എന്ത് എന്ന പരിശോധന ആവശ്യമാണ്.

ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരെ ആയുധമേന്തിയ ഭീകരവാദികൾ കൊലപ്പെടുത്തിയത് പാകിസ്ഥാൻ ഉത്പാദിപ്പിച്ച ക്രൂരതയിലാണ്. ദി റസിസ്റ്റൻസ് ഫ്രണ്ട് (TRF) ആണ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. പാകിസ്ഥാൻ പിന്തുണയിൽ നടന്ന ഈ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യുമെന്ന് മോദിയും കേന്ദ്രസർക്കാരും അറിയിച്ചു. സൈനികവും ഭരണപരവുമായ നടപടി തുടങ്ങി. മെയ് 7ന് പുലർച്ചെ പാകിസ്ഥാൻ ഭരണത്തിലുള്ള കശ്മ‌ീരിലെയും പഞ്ചാബ് പ്രവിശ്യയിലെയും ഒൻപത് സ്ഥലങ്ങളിലെ ഭീകരത്താവളങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളിൽ ഇന്ത്യ മിസൈൽ പ്രയോഗിച്ചു. ഭീകരതയെ അമർച്ച ചെയ്യാനുള്ള ഈ ദൗത്യത്തിൽ സർക്കാരിനൊപ്പം ഒരുമയോടെ നിലകൊളളുക എന്നത് ഇന്ത്യയിലെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും കടമയും ചുമതലയുമാണ്. അത് വലിയൊരളവോളം മാധ്യമങ്ങൾ പൊതുവിൽ നിർവഹിച്ചു.

എന്നാൽ, വ്യാജവാർത്തകൾ സൃഷ്ടിച്ചും സത്യത്തെ കൊന്നും മാധ്യമങ്ങളിൽ നല്ലൊരു പങ്ക് യുദ്ധഭ്രാന്തിലായിപ്പോയി. റിപ്പബ്ലിക്കൻ ചാനലിൻ്റെ അർണബ് ഗോസ്വാമിയുടെ അവതരണം തന്നെ പരിധി വിട്ടതായിരുന്നു. ചർച്ചയ്ക്കു വന്നവരുടെ ദേശക്കൂറ് സ്ഥാപിക്കാൻ ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് ശഠിച്ചു. ദേശക്കൂറ് സ്ഥാപിക്കേണ്ടത് താങ്കളുടെ മുന്നിലല്ലെന്ന് ഒരു അതിഥി മറുപടി നൽകി. ആ ആളെ ചർച്ചയിൽനിന്നും പുറത്താക്കി. പഴയ യുദ്ധങ്ങളുടെയും പ്രകൃതിക്ഷോഭത്തിൻ്റെയും കുട്ടികളും വീഡിയോ ഗെയിമിൽ ഫൈറ്റർ ജെറ്റുകളെ വെടിവെച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളും തൽസമയ കാര്യം എന്ന മട്ടിൽ ടിവി ചാനലുകൾ റിയൽ സ്റ്റോറിയായി അവതരിപ്പിച്ചു. പാകിസ്ഥാൻ ഷെൽ ആക്രമണത്തിൽ ഖാരി മുഹമ്മദ് ഇക്ബാൽ എന്ന സാധാരണക്കാരൻ നമ്മുടെ അതിർത്തിപ്രദേശത്ത് കൊല്ലപ്പെട്ടു. എന്നാൽ, അതിനെ ഇന്ത്യൻ അതിർത്തി കടന്ന ഭീകരവാദിയെ ഇന്ത്യൻ സേന വധിച്ചതായി ചാനലുകളും സോഷ്യൽ മീഡിയയും ആഘോഷിച്ചു. ഇതിനെല്ലാം അപ്പുറം വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന വിദ്വേഷപ്രചാരണത്തിൽ ഏർപ്പെട്ടു. വ്യാജവാർത്തകളുടെ കുത്തൊഴുക്ക് സൃഷ്ടിക്കാൻ ലബ്ധപ്രതിഷ്‌ഠരായ മാധ്യമകേസരികളും ഉത്സാഹചിത്തരായി എന്നത് മാധ്യമചരിത്രത്തിലെ കറുത്ത പുള്ളിയായി. പഹൽഗാം കൂട്ടക്കൊല നടത്തിയ ഭീകരന്മാരെ ഇതുവരെ പിടികൂടാത്തതും അക്രമം നടത്താൻ ഇടവന്ന സുരക്ഷാവീഴ്‌ചയും മാധ്യമ വിശകലനത്തിൽ വരുന്നില്ല.

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൻ്റെ വിവരങ്ങൾ എല്ലാ ദിവസവും വാർത്താസമ്മേളനത്തിൽ വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിയെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ ഭീകരവാദികളുടെ സഹോദരി എന്നു വിളിച്ചതിനെ മാധ്യമങ്ങൾ ഗൗരവത്തോടെ കണ്ടില്ലെന്ന് കേസ് പരിഗണിച്ച സുപ്രീംകോടതിയിലെ ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കോടിശ്വർ സിംഗ് എന്നിവർ വാക്കാൽ നിരീക്ഷിച്ചിരുന്നു. മന്ത്രിയുടെ വൃത്തി കെട്ടതും നീചവും എന്ന് സുപ്രീംകോടതി നിരീക്ഷിച്ച വർത്തമാനത്തിൻ്റെ ആപത്ത് കാണാൻ മാധ്യമങ്ങൾക്ക് കഴിയാതെവന്നത് മാധ്യമങ്ങൾ സങ്കുചിത ദേശീയതയും വംശീയതയും പരത്താൻ അരയുംതലയും മുറുക്കി നിന്നതുകൊണ്ടാണ് യുദ്ധമുണ്ടായാൽ എന്തു സംഭവിക്കും എന്നതിനെപ്പറ്റി പറയുകയും പഠിപ്പിക്കുകയും ചെയ്യേണ്ട ചുമതല മാധ്യമങ്ങൾ വിസ്മമരിച്ചു. യുദ്ധാവസ്ഥയിലെ റിപ്പോർട്ടിംഗ് എങ്ങനെ എന്ന് പഠിപ്പിച്ച മാതൃകാ ജേണലിസ്റ്റുകൾ ഒരുപാടുണ്ട്. ശ്രീലങ്ക, സിറിയ, ഇറാഖ് യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്‌ത മേരി കോൾവിൻ (Marie Colvin)) 2012ൽ സിറിയയിൽ വെടിയേറ്റ് മരിക്കുകയായിരുന്നു. യുദ്ധത്തിൻ്റെ മനുഷ്യാവകാശ ലംഘനങ്ങളും സാധാരണക്കാരുടെ ദുരിതവും വെളിപ്പെടുത്തുന്നതിലായിരുന്നു അവർ ശ്രദ്ധിച്ചിരുന്നത്. യുദ്ധത്തിൻ്റെ ധാർമികതയും മനശാസ്ത്രപരമായ വശങ്ങളും വിശകലനം ചെയ്‌തതിലൂടെയാണ് ക്രിസ് ഹെഡ്‌ജെസ് (Chris Hedges) ചരിത്രത്തിൽ ഇടംനേടിയ യുദ്ധ റിപ്പോർട്ടറായത്. ബോസ്‌നിയ, കൊസോവ, ഇറാഖ് യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്‌തുകൊണ്ട് ഈ പത്രപ്രവർത്തകൻ മാധ്യമപ്രവർത്തനത്തിന് മാതൃക സൃഷ്ടിച്ചതാണ്.

ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പത്രപ്രവർത്തകനായ എർമി പൈൽ (Ermie Pyle) സൈനികരുടെ പത്രപ്രവർത്തകൻ എന്ന വിശേഷണം നേടിയത് ചുമ്മാതല്ല. സൈനികരുടെ ദൈനംദിന ജീവിതവും വികാരവും കഷ്ടപ്പാടും വിവരിച്ചതുകൊണ്ടാണ്. സൈനികരുടെ വ്യക്തിപരമായ കഥകൾ പങ്കുവച്ചതുകൊണ്ടാണ്. 'The Death of Captain Waskow' എന്ന ലേഖനം ഒരു സൈനിക ഉദ്യോഗസ്ഥൻ്റെ മരണത്തിന്റെ വൈകാരിക ആഘാതമാണ്. 30 ലക്ഷം ഇന്ത്യാക്കാർ ഉൾച്ചേരുന്ന ഇന്ത്യൻ സൈന്യത്തിലെ ഓരോ മനുഷ്യരുടെയും ജീവൻ വിലപ്പെട്ടതാണ്. മാർത്ത ഗെൽഹോൺ (Martha Gelhorn) 20-ാം നൂറ്റാണ്ടിലെ യുദ്ധ റിപ്പോർട്ടറായി മാറിയത് സ്പാനിഷ് സിവിൽയുദ്ധം, രണ്ടാം ലോക മഹായുദ്ധം, വിയറ്റ്നാം അധിനിവേശയുദ്ധം എന്നിവ റിപ്പോർട്ടുചെയ്‌തതു കൊണ്ടല്ല. ആശുപത്രിക്കപ്പലിൽ നിന്നുളള ദുരിതാനുഭവങ്ങൾ വിശദീകരിച്ചതടക്കമുള്ള കാര്യങ്ങൾ കൊണ്ടാണ്. രണ്ടാംലോക മഹായുദ്ധ സമയത്ത് ലണ്ടനിൽ നിന്നുള്ള റേഡിയോ റിപ്പോർട്ടുകൾ വഴി പ്രശസ്‌തനായ അമേരിക്കൻ ബ്രോഡ്‌കാസ്റ്റർ എഡ്വേർഡ് ആർ മുറോ ( Edward R Murrow) 'This is London' എന്ന പ്രശസ്‌തമായ പരമ്പരയുടെ ഉടമയാണ്. ബോംബാക്രമണത്തി നിടയിൽ ലണ്ടനിൽ നിന്ന് ലൈവ് റിപ്പോർട്ടിംഗ് നടത്തി. ബ്ലിറ്റ്സ് ബോംബിംഗിൻ്റെ ശബ്ദവും ഭീകരതയും റേഡിയോ വഴി അമേരിക്കൻ ജനതയിലേക്ക് എത്തിച്ചു. റോബർട്ട് ഫിസ്കിൻ്റെ റിപ്പോർട്ടുകളും പാഠമാക്കേണ്ടതാണ്. അഫ്ഗാനിസ്ഥാനിലെ സംഘർഷം റിപ്പോർട്ടുചെയ്യാൻ അവിടെ എത്തിയ ഫിസ്‌കിനെ അമേരിക്കക്കാരൻ ആണെന്നു കരുതി നാട്ടുകാർ വളഞ്ഞിട്ടു മർദിച്ചു. അമേരിക്കൻ സേന അത്രമാത്രം ക്രൂരത തദ്ദേശീയരോട് കാട്ടിയതുകൊണ്ട് സ്വാഭാവികമായുള്ള പ്രതിഷേധമാണ് അവർ കാട്ടിയത് എന്ന തിരിച്ചറിവിൽ പൊട്ടിയ തലയിലെ തുന്നിച്ചേർക്കലുകൾക്കു മധ്യേ അമേരിക്കൻ സേനയുടെ ക്രൂരതകൾക്കെതിരെ വസ്‌തുനിഷ്‌ഠമായി തത്സമയ റിപ്പോർട്ടിംഗ് നടത്തുകയായിരുന്നല്ലോ ഫിസ്‌ക്‌ ചെയ്‌തത്.

ശീതീകരിച്ച ന്യൂസ് റൂമികളിലിരുന്ന് വ്യാജ ദൃശ്യങ്ങളും അതിനെ ആസ്‌പദമാക്കിയുള്ള അവതരണവും നടത്തുന്നതല്ല യുദ്ധ റിപ്പോർട്ടിംഗ്. റിപ്പോർട്ടിംഗ് വസ്‌തുനിഷ്‌ഠമാകണം. യാഥാർത്ഥ്യം വളച്ചൊടിക്കാതെയും പക്ഷപാതപരമല്ലാതെയും വാർത്ത നൽകണം. രണ്ട് ആണവശക്തികൾ തമ്മിൽ യുദ്ധംചെയ്യുന്നത് നന്നാണോ എന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ അവർക്കുനേരെ കുതിരകയറുകയല്ല വേണ്ടത്. യുദ്ധം ഒരു അവസാനത്തെ പോംവഴിയായി മാത്രം കാണണം. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലുടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ഇരുരാജ്യങ്ങളുടെയും ഭാവി സുരക്ഷിതമായിരിക്കുന്നത്. മതപരവും വംശീയവുമായ സംഘർഷങ്ങൾക്ക് പ്രോത്സാഹനം നൽകാൻ പാടില്ല. അഭയാർത്ഥി പ്രവാഹം, ഭക്ഷ്യക്ഷാമം, രോഗവ്യാപനം, വിലക്കയറ്റം, ഓഹരിക്കമ്പോളത്തിലെ ഇടിവ്, ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വമില്ലായ്മ ഇതെല്ലാമാണ് യുദ്ധമുണ്ടായാൽ സംഭവിക്കുന്നത്.

യുദ്ധകാലത്തും സമാധാനവാദത്തിന് ശക്തിപകർന്ന ബർട്രാൻഡ് റസലിനെപ്പോലുള്ളവർ നമ്മുടെ മുന്നിലുണ്ട്. റസലിന്റെ ശബ്ദത്തിന് വിലകല്‌പിച്ചിരുന്നെങ്കിൽ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയുടെ അണുബോംബ് വീണ് 2,10,000 മനുഷ്യർ മരിക്കില്ലായിരുന്നു. ഭീകരരെ കെട്ടഴിച്ചുവിട്ട് ഇന്ത്യയുടെ സ്വസ്ഥത കെടുത്തുന്ന പാകിസ്ഥാനെ നിലയ്ക്കുനിർത്തേണ്ടത് നമ്മുടെ രാജ്യത്തിൻ്റെ ആവശ്യമാണ് അതിനുവേണ്ടിയുളള കേന്ദ്രസർക്കാരിൻ്റെയും സൈന്യത്തിൻ്റെയും നടപടികൾക്ക് ഒപ്പം നിൽക്കാനുള്ള ചുമതല മാധ്യമങ്ങൾക്കുണ്ട്. എന്നാൽ വിനാശകരമായ യുദ്ധത്തെ മാടിവിളിക്കുന്ന യുദ്ധഭ്രാന്ത് മാധ്യമങ്ങൾക്ക് പാടില്ല.

Share