Articles Editorial Details

ഓര്മിക്കേണ്ടതുണ്ട് എപ്പോഴുമെപ്പോഴും…

calender 25-05-2022

സോളാര്‍ ആകട്ടെ, ലാവ്‌ലിന്‍ ആകട്ടെ, പക്ഷം മാറുമെന്ന വ്യത്യാസമേ ഉള്ളൂ. ഒരു പക്ഷം എപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ വാളോങ്ങി നില്‍ക്കുന്നുണ്ടാവും. മാധ്യമങ്ങളോടുള്ള അമര്‍ഷത്തില്‍ വ്യത്യാസമില്ല. രോഷം ചൊരിയുന്നവര്‍ ആര് എന്നതിലേ വ്യത്യാസമുള്ളൂ. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമങ്ങളോട് വലിയ സ്‌നേഹവും പരിഗണനയുമാണ്. മാധ്യമങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ തടുക്കാന്‍ അവര്‍ പരിചയേന്തും. ഭരണത്തിലെത്തിയാല്‍ സ്ഥിതി മാറും. എല്ലാവരുടെയും തല്ല് വാങ്ങാന്‍ തെരുവോരത്ത് കെട്ടിത്തൂക്കിയ ചെണ്ട പോലെ  നില്‍പ്പാണ് മാധ്യമങ്ങള്‍.

വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ സ്വാഭാവികമായും വിവാദവിഷയത്തിലുള്ള മാധ്യമതാല്പര്യം ഉയരും. കൂടുതല്‍ അറിയാനുള്ള സാധാരണമനുഷ്യരുടെ ആഗ്രഹം തൃപ്തിപ്പെടുത്തുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ ചുമതലയാണ്. സംശയമില്ല. അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെങ്കില്‍ അറിയിക്കാനുള്ള ബാധ്യതയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അപ്പോള്‍ വാര്‍ത്തയുടെ ഒരു തുമ്പ് പിടിച്ച് മുന്നോട്ടുപോയാല്‍ മറ്റേ തുമ്പ് വരെ  എത്തിയേ തീരൂ എന്നുവരുന്നു. ഇതൊരു പരക്കം പാച്ചിലാണ്. മത്സരപ്പാച്ചിലാണ്. ഈ ഓട്ടത്തില്‍ ശരിയും തെറ്റും തിരിച്ചറിയാതെ പോകുന്നുണ്ടോ വാര്‍ത്താന്വേഷകര്‍ക്ക്? ശരിതെറ്റുകളുടെ വിവേചനം തീര്‍ത്തും ഉപേക്ഷിച്ചുള്ള പരക്കം പാച്ചിലാവുന്നുണ്ടോ മാധ്യമപ്രവര്‍ത്തനം? എക്‌സ്‌ക്ലൂസീവുകള്‍ക്ക് മാത്രമല്ല, ആത്മപരിശോധനയ്ക്കും സമയം കണ്ടെത്തേണ്ടതുണ്ട്.  

വാര്‍ത്ത കണ്ടെത്തലാണ് ചുമതല. അതിലാണ് മിടുക്ക്. ഇതിലെ മത്സരം മുന്നേറുമ്പോള്‍, ഉള്ള വാര്‍ത്ത കണ്ടെത്തിയാല്‍ പോരാ, ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കലും തങ്ങളുടെ പണിയാണ് എന്ന നിലയുണ്ടാകുന്നു. ചാനലില്‍ വിളിച്ചുപറയുന്നതും പത്രത്തില്‍ വെണ്ടക്കയില്‍ അച്ചടിക്കുന്നതും വെറും കേട്ടുകേള്‍വിയെ മാത്രം അടിസ്ഥാനമാക്കിയുള്ള അപവാദങ്ങളും ആരോപണങ്ങളും ആകാന്‍ പാടുണ്ടോ? ചാനലില്‍ പകല്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പിറ്റേന്ന് പത്രം നോക്കുമ്പോള്‍ ഉള്‍പ്പേജിലെ ഒറ്റക്കോളം ഹെഡ്ഡിങ്ങുപോലുമാവാതെ വിസ്മൃതമാകുമ്പോള്‍ വാര്‍ത്തയുടെ വിശ്വാസ്യത എവിടെ ചെന്നുനില്‍ക്കും?  മിടുക്കനാണെന്ന് തെളിയിക്കാന്‍ ചെപ്പടിവിദ്യകള്‍ കാട്ടേണ്ടി വരുന്നുണ്ടോ മാധ്യമപ്രവര്‍ത്തകന്? ചെപ്പടിവിദ്യക്കാരനെ സ്വന്തം സ്ഥാപനം അഭിനന്ദനവും അംഗീകാരവും സ്ഥാനക്കയറ്റവും നല്‍കി പ്രോത്സാഹിപ്പിക്കുകയാണോ ചെയ്യുന്നത്? ഇതാണ് മാതൃക, ഈ വഴി സ്വീകരിക്കൂ എന്ന് മറ്റുള്ളവരോടും പറയുകയാണോ  ആ സ്ഥാപനം?

വാര്‍ത്ത കണ്ടെത്തലും വാര്‍ത്ത സൃഷ്ടിക്കലും തമ്മില്‍ വലിയ അകലമൊന്നുമില്ലാതാവുന്നു. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കും എന്ന് വിശ്വസിക്കുന്ന തത്ത്വശാസ്ത്രങ്ങളുണ്ട്. അതിനെ പിന്‍പറ്റുന്നവര്‍ മാര്‍ഗത്തിലെ തെറ്റുകളെ കുറിച്ച് ആലോചിക്കാറേ ഇല്ല. യുദ്ധത്തിലും പ്രേമത്തിലും എല്ലാം ന്യായം എന്നൊരു ഇംഗ്ലീഷ്  പഴഞ്ചൊല്ലുണ്ടല്ലോ. എന്തിനാണ് പ്രേമത്തെ കൂട്ടുപിടിച്ചതെന്ന് അറിയില്ല. ഇന്ന് എല്ലാം യുദ്ധമാണ്. ആരോഗ്യകരമായ മത്സരങ്ങള്‍ പോലും കഴുത്തറുപ്പന്‍ ജീവന്മരണപോരാട്ടങ്ങളാവുന്നു. ഈ യുദ്ധങ്ങളില്‍ പലപ്പോഴും വാര്‍ത്തകള്‍ വെടിക്കോപ്പുകളാവുന്നു. മാറിനിന്ന് കാണുകയും അറിയുകയും പിന്നെ അറിയിക്കുകയും ചെയ്യേണ്ടവരില്‍ ചിലരെങ്കിലും വെടിക്കോപ്പേന്തി യുദ്ധത്തില്‍ പങ്കാളികളാവുന്നില്ലേ? രാഷ്ട്രീയത്തിലും വ്യാപാരത്തിലും വ്യവസായത്തിലും മാത്രമല്ല മാധ്യമപ്രവര്‍ത്തനത്തിലും ലക്ഷ്യം കാണാന്‍ എന്തുംചെയ്യാം എന്ന നിലയുണ്ടാകുന്നു.

ലാഭത്തേക്കാള്‍ ധാര്‍മികതയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒരു കച്ചവടവും ഇല്ലാതായ കാലത്ത് മാധ്യമപ്രവര്‍ത്തനത്തെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന് എന്ന പരിഭവം പലപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ദൈവികതയുള്ള പ്രൊഫഷനുകളായ വൈദ്യവും വിദ്യാദാനവും വരെ മൂലധനനിക്ഷേപത്തിന്റെയും ലാഭത്തിന്റെയും മാത്രം മാനദണ്ഡങ്ങളാല്‍ വിലയിരുത്തപ്പെടുമ്പോള്‍ മാധ്യമം മാത്രമെങ്ങനെ സത്യത്തിന്റെയും പൊതുനന്മയുടെയും നിസ്വാര്‍ത്ഥതയുടെയും പ്രതീകമായി നിലക്കൊള്ളും? വാര്‍ത്തയിലല്ല, ഒപ്പം  കൊടുക്കുന്ന പരസ്യത്തിലാണ് തങ്ങള്‍ക്ക് താല്പര്യമെന്ന് മാധ്യമസ്ഥാപനങ്ങള്‍ പരസ്യമായി പറയാന്‍ മടിക്കാത്ത കാലത്ത് ഇതൊട്ടും അത്ഭുതമുളവാക്കുന്നില്ല. കൂടുതല്‍ ആളുകളിലേക്ക് തങ്ങളുടെ സൃഷ്ടി എത്തണം എന്നാഗ്രഹിക്കാത്തവരില്ല. സ്വാഭാവികമായ ഈ ഇച്ഛയുടെ അസ്വാഭാവികമായ പരിണാമമാണ് കൂടുതല്‍ ആളുകള്‍ക്ക് ആസ്വാദ്യമായതുമാത്രം സൃഷ്ടിക്കുക എന്നത്. ഇക്കാര്യത്തില്‍ മാധ്യമസ്ഥാപനത്തിന്റെയും മാധ്യമപ്രവര്‍ത്തകന്റെയും താല്പര്യം ഒന്നായി  മാറുന്നു. വാര്‍ത്ത ആകര്‍ഷകമാവണം, വിവാദമാകണം, ആകുന്നില്ലെങ്കില്‍ ആക്കണം. അപ്പോഴേ കൂടുതല്‍ ആളുകള്‍ വാങ്ങൂ, കാണൂ. അപ്പോഴേ കൂടുതല്‍ വരുമാനം കിട്ടൂ... ഈ ദൂഷിതവലയത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുക എളുപ്പമല്ല.

എന്തുകൊണ്ടാണ് നാടൊട്ടുക്കും മാധ്യമസെമിനാറുകള്‍ പകര്‍ച്ചവ്യാധി പോലെ പെരുകുന്നത്? രാഷ്ട്രീയമായ കാരണങ്ങളാല്‍ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ഇത് ഉപയോഗപ്പെടുത്തുന്നവര്‍ ഉണ്ടാകാം. പക്ഷേ, എല്ലാവരും അത്തരക്കാരല്ല. മാധ്യമങ്ങളാണ്, ഫോര്‍ത്ത് എസ്റ്റേറ്റാണ് തങ്ങളുടെ ശബ്ദം, അത് തകര്‍ന്നാല്‍ പൗരന്റെ അവസാനത്തെ ആശ്രയവും ഇല്ലാതാവും എന്ന ന്യായമായ ആശങ്കയാവാം മാധ്യമങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കും സെമിനാറുകള്‍ക്കും പ്രേരണയാവുന്നത്. ധര്‍മബോധമുള്ള, ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഫോര്‍ത്ത് എസ്റ്റേറ്റ് എന്നത് അവരുടെ ആശയാണ്, പ്രതീക്ഷയാണ്. ഫോര്‍ത്ത് എസ്റ്റേറ്റ് നാലാമത്തെ എസ്റ്റേറ്റ് മാത്രമാണ്. മൂന്നെണ്ണം അതിന് മുന്നിലുണ്ട്. ഈ മൂന്നിലും പ്രവര്‍ത്തിക്കുന്നവര്‍ പോലും അവരുടെ സമ്മേളനങ്ങളില്‍ തങ്ങളുടെ എസ്റ്റേറ്റിനെ കുറിച്ചൊന്നുംചര്‍ച്ച ചെയ്യാതെ ഫോര്‍ത്ത് എസ്റ്റേറ്റിനെ കുറിച്ച് വാചാലരാവുന്ന തമാശ ഇപ്പോള്‍ സര്‍വസാധാരണമായിട്ടുണ്ട്. അതുപോലും പരിഹസിക്കപ്പെടേണ്ട കാര്യമല്ല. നിയമനിര്‍മാണ- നിര്‍വഹണ വിഭാഗത്തിന്റെ അപചയത്തിനും ഉദ്യോഗസ്ഥ ബ്യൂറോക്രസിക്കും എതിരെ മാത്രമല്ല, ഒരു പരിധിവരെ ജുഡീഷ്യറിയുടെ വീഴ്ചകള്‍ക്കെതിരെ പോലുമുള്ള പൗരന്റെ ആവനാഴിയിലെ അവസാനത്തെ അമ്പ് മാധ്യമമാണ് ജനം ഇപ്പോഴും കരുതുന്നുണ്ട് എന്നാണ് ഇതിനര്‍ത്ഥം.

ഈ പറയുന്നതിലൊന്നും ഒട്ടും പുതുമയില്ല എന്ന് സമ്മതിക്കട്ടെ. പിന്നെയെന്തിന് പിന്നെയും പിന്നെയും പറയുന്നു എന്ന് ചോദിക്കരുത്. ഇത് പിന്നെയും പിന്നെയും ഓര്‍മിപ്പിക്കേണ്ട കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. വിമര്‍ശകരുടെ ശകാരങ്ങളെ അവഗണിക്കാം. പക്ഷേ, സ്വന്തം മനസ്സാക്ഷിയുടെ ശബ്ദം കേട്ടില്ലെന്ന് നടിച്ചുകൂടാ. തൊഴിലിന്റെ പാതയിലുടനീളം പ്രലോഭനങ്ങളും പ്രകോപനങ്ങളും എപ്പോഴുമുണ്ട് നമ്മെ വഴിതെറ്റിക്കാന്‍. ഇന്നത്തെ ചെറിയ ലാഭങ്ങള്‍ക്കും പ്രതികാരങ്ങള്‍ക്കും വേണ്ടി

 

Share