Articles Editorial Details

പത്രങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റുമ്പോള്‍

calender 25-05-2022

സമീപകാലത്ത് സംസ്ഥാനത്തെ മൂന്നു പ്രധാനപത്രങ്ങളുമായി ബന്ധപ്പെടുത്തി പൊട്ടിപ്പുറപ്പെട്ട ഒരു വിവാദത്തെ അതിവേഗം വെള്ളമൊഴിച്ചുകെടുത്തുന്നതില്‍ മാധ്യമരംഗത്തുള്ളവരും രാഷ്ട്രീയനേതൃത്വവും വിജയിച്ചതായി മനസ്സിലാകുന്നു. മൂന്നു പ്രധാന പത്രങ്ങളിലെ ചില ലേഖകന്മാര്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ മലയാളിയായ  'ചാരന്' ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിക്കൊടുത്തുവെന്നും അതിന് പ്രതിഫലമായി തമിഴ്‌നാട്ടില്‍ നിന്ന് സൗജന്യങ്ങളും സമ്മാനങ്ങളും പറ്റിയെന്നും അതിന് പ്രതിഫലമായി കേരളത്തിന്റെ താല്‍പര്യം ഹനിക്കുന്ന തമിഴ്‌നാട് അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയെന്നും എല്ലാമാണ് അത്യുച്ചത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണം. വ്യക്തികളുടെയൊന്നും പേരുണ്ടായിരുന്നില്ല, എന്നാല്‍ പത്രസ്ഥാപനങ്ങളുടെ പേരുണ്ടായിരുന്നു. 

സംസ്ഥാനസര്‍ക്കാറിന്റെ ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാറിന് സമര്‍പ്പിച്ചതായി പറയുന്ന റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. ഇന്റലിജന്‍സ് അങ്ങനെ ഒരു റിപ്പോര്‍ട് നല്‍കിയിട്ടില്ലെന്നോ നല്‍കിയ ഏതെങ്കിലും റിപ്പോര്‍ട്ടില്‍ അങ്ങനെ ആരോപണങ്ങളൊന്നും ഇല്ല എന്നോ സര്‍ക്കാര്‍ നിഷേധിച്ചില്ല. കനത്ത നിശ്ശബ്ദതയായിരുന്നു രണ്ട് മൂന്നുനാളത്തേക്ക്. പിന്നെ വന്നത് ആരോപണം ഉന്നയിക്കപ്പെട്ട മൂന്നു പത്രങ്ങളുടെ പ്രസാധകര്‍ നടത്തിയ സംയുക്ത കത്താണ്. പത്രങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു കത്ത്. 

ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തി സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെടുംമുമ്പ് സ്വാഭാവികമായും പത്ര പ്രസാധകര്‍  ചില കാര്യങ്ങള്‍ അന്വേഷിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടാകും എന്നാണ് അനുമാനിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ എന്താണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളത്? വലിയൊരു റിപ്പോര്‍ട്ടര്‍ ശൃംഖല ഉള്ളവരാണ് പത്രപ്രസാധകര്‍. അവര്‍ക്ക് ഇത് കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടാവില്ല. എന്താണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്? അതില്‍ ആരുടെയെങ്കിലും പേര് പരാമര്‍ശിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അവര്‍ എന്തുചെയ്തു എന്നാണ് ആരോപണം? ആരോപണം ശരിയല്ലെന്നും തങ്ങളുടെ ലേഖകര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പത്രങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടോ? ഇല്ല, ്അതൊന്നും വായനക്കാര്‍ക്കറിയില്ല. 

പത്രവാര്‍ത്തകളില്‍ പ്രതികരിക്കുന്നതിന് മുമ്പ്  ഈ അന്വേഷണങ്ങള്‍ നടത്തുകയും സത്യം ജനങ്ങള്‍ക്ക് മുമ്പാകെ വെക്കുകയും ചെയ്തിരുന്നുവെങ്കില്‍ പത്രങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കുകയും പത്രങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്‌തേനെ. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. മൂന്നുപ്രധാന പത്രങ്ങളില്‍ പ്രസാധകരുടെ സംയുക്തക്കത്ത് മുന്‍പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവെങ്കിലും വായനക്കാര്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ അറിവ് നല്‍കുന്ന വാര്‍ത്തകളൊന്നും ഉണ്ടായില്ല. അതിനാല്‍ വായനക്കാര്‍ ഇരുട്ടിലാണ്, ഇപ്പോഴും. 

മുഖ്യമന്ത്രിയുടെ നിഷേധം അതിവേഗം വന്നു. ഇന്റലിജന്‍സില്‍ നിന്ന് അത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍,  'പത്രങ്ങളെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കാനിടയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു' എന്നാണ് പത്രവാര്‍ത്തയില്‍ പറയുന്നത്. ''ഈ പത്രങ്ങളിലെ ഏതെങ്കിലും ലേഖകര്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചതായോ സംസ്ഥാനതാത്പര്യത്തിന് വിരുദ്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായോ തെളിഞ്ഞിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന് ഏതെങ്കിലും രേഖ നഷ്ടപ്പെടുകയോ സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ക്രിമിനല്‍ കുറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടുതന്നെ പത്രങ്ങള്‍ക്കെതിരായി ഇപ്രകാരം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നത് നിര്‍ഭാഗ്യകരമായിപ്പോയി. അതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു''- ഇത്രയുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ഉള്ളത്.

ഇതോടെ വിവാദത്തിന് മുഖ്യമന്ത്രി തിരശ്ശീലയിട്ടു. അതിന് ശേഷം രംഗം ശാന്തമാണ്. അത്യാവശ്യം ചില ലേഖനങ്ങള്‍ പത്രങ്ങളില്‍ വന്നതല്ലാതെ ആരോപണം ഉന്നയിച്ചവര്‍ക്കോ, വിജിലന്‍സ് റിപ്പോര്‍ട്ട് പരമസത്യമാണെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിച്ച് വലിയ വാര്‍ത്ത ചമച്ചവര്‍ക്കോ യാതൊന്നും പറയാനില്ല. പത്രങ്ങള്‍ പത്രങ്ങള്‍ക്ക് പുറത്തുള്ള പലര്‍ക്കും എതിരെ പതിവായി ഉന്നയിക്കാറുള്ള ആരോപണങ്ങള്‍ പോലെ ഇതും കെട്ടടങ്ങി. വായനക്കാര്‍ക്ക് അറിയില്ല എന്താണ് സംഭവിച്ചതെന്ന്, എന്താണ് സത്യമെന്ന്.  ഇപ്പോള്‍ സര്‍വത്ര നിശ്ശബ്ദതയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൊടുത്തവരും നിശ്ശബ്ദം, പത്രപ്രവര്‍ത്തകരും നിശ്ശബ്ദം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്  ആയുധമാക്കി മൂന്നുപത്രങ്ങളെയും അവയുടെ ഏതാനും ലേഖകരെയും കടന്നാക്രമിച്ച പത്രങ്ങളും നിശ്ശബ്ദമാണ്.

അങ്ങനെ മുഖ്യമന്ത്രിയുടെ ഒരു സാന്ത്വനത്തില്‍ തൃപ്തരായി വിസ്മൃതിയിലേക്ക് തള്ളേണ്ട ഒരു കാര്യമായിരുന്നു അതെന്ന് തോന്നുന്നില്ല. പ്രതിക്കൂട്ടിലാക്കപ്പെട്ടവര്‍ക്ക് ഒരു പക്ഷേ അതുമതി എന്നുതോന്നിക്കാണാം. പക്ഷേ, പൊതു സമൂഹം പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിലേക്കാണ് ഇതെല്ലാം കൊണ്ടുചെന്നെത്തിച്ചത് എന്നുപറയാതിരിക്കാന്‍ വയ്യ. പത്രപ്രസാധകരും മുഖ്യമന്ത്രി തന്നെയും മാധ്യമരംഗത്തെ ധാര്‍മികതയ്ക്കും സുതാര്യതയ്ക്കുമല്ല, സാങ്കേതികമായ ഒരു വെള്ളപൂശലിനാണ് പ്രാധാന്യം നല്‍കിയത് എന്ന് വായനക്കാര്‍ക്കുതോന്നിയാല്‍ അവരെ കുറ്റംപറയാന്‍പറ്റില്ല. 

ഇതിനേക്കാള്‍ പ്രാധാന്യമേറിയ മറ്റൊരു അടിസ്ഥാനപ്രശ്‌നവും ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും പത്രപ്രസാധകരുടെ സംയുക്തകത്തിലും ആവര്‍ത്തിക്കുന്ന ഒരു സംഗതിയുണ്ട്.  അത് ഇതാണ്- പത്രങ്ങള്‍ ഒന്നും സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചിട്ടില്ല.''ഈ പത്രങ്ങളിലെ ഏതെങ്കിലും ലേഖകര്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചതായോ സംസ്ഥാനതാത്പര്യത്തിന് വിരുദ്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായോ തെളിഞ്ഞിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്'' എന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 

സംസ്ഥാന താല്‍പര്യത്തിന് എതിരായ വാര്‍ത്ത, അനുകൂലമായ വാര്‍ത്ത എന്നൊരു വേര്‍തിരിവ് റിപ്പോര്‍ട്ടിങ്ങില്‍ ഉണ്ട് എന്ന് ഈ രംഗത്ത്

പ്രവര്‍ത്തിക്കുന്ന മിക്കവരും മനസ്സിലാക്കിയിരുന്നില്ല. സത്യമായ വാര്‍ത്തയുണ്ട്, അസത്യമായ വാര്‍ത്തയുണ്ട്. സത്യമായ വാര്‍ത്ത വായിക്കാനാണ് ജനങ്ങള്‍ കാശ് കൊടുത്തു പത്രം വാങ്ങിക്കുന്നത്. സംസ്ഥാനത്തിന് അനുകൂലമായ വിവരങ്ങള്‍ മാത്രം കിട്ടാനാണെങ്കില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ലഘുലേഖകള്‍ വായിച്ചാല്‍മതി. കേരളവും തമിഴ്‌നാടുംതമ്മിലുള്ള തര്‍ക്കവിഷയങ്ങളില്‍ രണ്ടുപക്ഷത്തെയും സത്യം വായനക്കാര്‍ക്കത്തിച്ചുകൊടുക്കലാണ് പത്രങ്ങളുടെ  ചുമതല. ഒരേ പത്രത്തിന്റെ തമിഴ്‌നാട് എഡിഷനില്‍ തമിഴ്‌നാടിന്റെ താല്പര്യം സംരക്ഷിക്കുന്നതും കേരളത്തിലെ എഡിഷനില്‍ കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്തെങ്കിലും അപഹാസ്യത ഉണ്ട് എന്നുപോലും മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയാത്ത കാലമാണ് ഇത്. ശരിയുടെയും സത്യത്തിന്റെയും പക്ഷമാണ് പത്രപ്രവര്‍ത്തകരന്റെ പക്ഷം. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അതിര്‍ത്തികളല്ല നമ്മുടെ ശരിതെറ്റുകള്‍ നിര്‍ണയിക്കുന്നത്. സംസ്ഥാനസര്‍ക്കാറുകള്‍ അയല്‍സംസ്ഥാനത്തേക്ക് ചാരന്മാരെ അയക്കുന്നതിനോളമോ നക്കാപ്പിച്ച പറ്റി ആരെങ്കിലും ഇത്തരക്കാരെ സഹായിക്കുന്നതിനോളമോ അധമവും അപലപനീയവുമാണ് സംസ്ഥാനതാല്പര്യത്തെ കുറിച്ചുള്ള ഈ ഗീര്‍വാണങ്ങള്‍ എന്നുപറയാതെ വയ്യ.

വാസ്തവവിരുദ്ധമായ, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വരുമ്പോള്‍ മാധ്യമരംഗത്തുള്ളവര്‍ ക്ഷോഭിക്കുന്നതും വികാരം കൊള്ളുന്നതും ഒന്നാം പേജില്‍ സംയുക്തപ്രസ്താവന കൊടുക്കുന്നതും മുഖ്യമന്ത്രിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നതുമൊന്നും തെറ്റല്ല. പക്ഷേ, ഒരു കാര്യം മറക്കുന്നു. പൊതുസംഘടനകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സാമൂഹ്യസ്ഥാപനങ്ങള്‍ക്കും എല്ലാം എതിരെ ഇതുപോലത്തെ അസംഖ്യം വാര്‍ത്തകള്‍ ഓരോ ദിവസവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. തങ്ങള്‍ക്കുണ്ടാകുന്ന ഇതേ വികാരം അവര്‍ക്കും ഉണ്ടാകും എന്ന് എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ നാം? 

 

 

Share