Articles Editorial Details

മാധ്യമം എന്നാല്‍ നിയന്ത്രണം എന്നും അര്‍ത്ഥമുണ്ടേണ്ടാ?

calender 25-05-2022

ബ്രിട്ടനില്‍ ഈയിടെ നടത്തിയ ഒരു സര്‍വെയില്‍ 2003ലെ ഇറാഖ് യുദ്ധത്തിന്റെ ഫലമായി എത്രപേര്‍ മരിച്ചുകാണുമെന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. ഉത്തരങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. ഭൂരിപക്ഷംപേരും പറഞ്ഞത് പതിനായിരത്തില്‍താഴെ ആവും മരണസംഖ്യ എന്നാണ്. ശാസ്ത്രീയമായ പഠനങ്ങള്‍ എന്താണ് പറഞ്ഞതെന്നോ? ബ്രിട്ടീഷ് ഗവണ്മെന്റും വാഷിങ്ടണിലെ കൂട്ടാളിയും ചേര്‍ന്ന് നടത്തിയ ഇറാഖ് യുദ്ധത്തിന്റെയും തുടര്‍സംഭവങ്ങളുടെയും ഫലമായി മരിച്ചവരുടെ എണ്ണം പത്തും ലക്ഷം വരും എന്നാണ്. ഇത് റുവാന്‍ഡയിലെ വംശഹത്യയുടെ മരണസംഖ്യയോളം വരുന്നു. എന്നിട്ടും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സത്യം ജനങ്ങളെ അറിയിക്കേണ്ടവര്‍ എത്രത്തോളം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് എന്നാണ് ഇതുകാണിക്കുന്നത്.

അമേരിക്കന്‍ എഴുത്തുകാരനും അധ്യാപകനുമായ എഡ്വാര്‍ഡ് ഹെര്‍മന്‍  ഇതിനെ 'അചിന്ത്യമായതിനെ സാധാരണമാക്കല്‍'  എന്നാണ് വിളിച്ചത്. വാര്‍ത്തയുടെ ലോകത്ത് രണ്ടുതരം ഇരകള്‍ ഉണ്ട് എന്നാണ് അദ്ദേഹം വിവരിച്ചത്. വിലയുള്ള ഇരകളും വിലയില്ലാത്ത ഇരകളും. നമ്മുടെ ശത്രുക്കളുടെ ദുഷ്‌ചെയ്തികളുടെ ദുരിതം അനുഭവിക്കുന്നവരാണ് വിലയുള്ള ഇരകള്‍; അസ്സദ്,  ഗദ്ദാഫി,  സദ്ദാം ഹുസ്സൈന്‍ തുടങ്ങിയവരുടെ. ഇത്തരം ഇരകള്‍ നാം 'മനുഷ്യത്വപരമായ ഇടപെടല്‍' എന്നു വിളിക്കുന്ന ഇടപെടലിന് അര്‍ഹരാണ്. വിലയില്ലാത്ത ഇരകള്‍ നമ്മളും നമ്മള്‍ നിയോഗിക്കുന്ന നല്ല ഏകാധിപതികളും നടത്തുന്ന ശിക്ഷാനടപടികളില്‍ പെട്ടുപോകുന്നവരാണ്. സദ്ദാം ഹുസൈന്‍ നല്ല ഏകാധിപതിയായിരുന്നു. പിന്നീട് മോശമായി; ചീത്ത ഏകാധിപതിസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 

ഇന്തോനേഷ്യയിലെ ജനറല്‍ സുഹാര്‍ത്തോ നല്ല ഏകാധിപതിയായിരുന്നു. അമേരിക്കയിലെയും ബ്രിട്ടനിലെയും സര്‍ക്കാറുകളുടെ സഹായത്തോടെ സുഹാര്‍ത്തോ പത്തുലക്ഷത്തിലേറെ പൗരന്മാരെ കൊന്നൊടുക്കിയെന്നത് സത്യം. കിഴക്കന്‍ തിമൂറിലെ ജനസംഖ്യയില്‍ മൂന്നിലൊന്നിനെ ബ്രിട്ടീഷ് യുദ്ധവിമാനങ്ങളുടെയും യന്ത്രത്തോക്കുകളുടെയും സഹായത്തോടെ അയാള്‍ കൊന്നൊടുക്കിയിരുന്നുവെന്നതും സത്യം. സുഹാര്‍തോ ലണ്ടനില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ രാജ്ഞിതന്നെ ചെന്നു. അയാള്‍ കട്ടിലില്‍ കിടന്ന് സമാധാനത്തോടെ മരിച്ചപ്പോള്‍, എങ്ങനെയെല്ലാമാണ് വാഴ്ത്തപ്പെട്ടത്!  സദ്ദാം ഹുസ്സൈന്റെ പ്രമാണിത്തമൊന്നും അയാള്‍ക്ക് കിട്ടിയതുമില്ല.

തൊണ്ണൂറുകളില്‍ ഞാന്‍ ഇറാഖില്‍ സഞ്ചരിച്ച കാലത്ത് അവിടത്തെ രണ്ട് മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍- ഷിയാകളും സുന്നികളും- ഭിന്നതയെല്ലാം ഉണ്ടായിരുന്നുവെങ്കിലും അവര്‍ സമാധാനപൂര്‍വം സഹവര്‍ത്തിച്ചിരുന്നു. അവര്‍ തമ്മില്‍ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടാറുമുണ്ട്. ഇറാഖുകാര്‍ എന്ന പൊതുഅഭിമാനം അവരെ യോജിപ്പിച്ചുനിര്‍ത്തിയിരുന്നു. അല്‍ഖൈ്വദയോ ജിഹാദികളോ അന്നില്ല. 2003 ഓടെ എല്ലാം നമ്മള്‍ തകര്‍ത്തെറിഞ്ഞു. ഇപ്പോള്‍ ഇറാഖിലെങ്ങും സുന്നികളും ഷിയാകളും പരസ്പരം കൊന്നൊടുക്കുകയാണ്. സൗദിയിലെ ഭരണകൂടമാണ് ഈ കൂട്ടക്കൊലയ്ക്ക് പണം നല്‍കുന്നത്. 9/11 വിമാനറാഞ്ചികള്‍ അധികവും  സൗദിയില്‍നിന്നുള്ളവരായിരുന്നു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്റണ്‍ യു.എസ്. എമ്പസ്സികള്‍ക്കയച്ച ഒരു കേബ്ള്‍ സന്ദേശം 2010 ല്‍ വിക്കിലീക്‌സ് പരസ്യപ്പെടുത്തുകയുണ്ടായി. അവര്‍ ഇങ്ങനെ എഴുതി- 'സൗദി അറേബ്യ ലോകവ്യാപകമായി അല്‍ഖൈ്വദ, താലിബാന്‍, അല്‍ നുസ്ര തുടങ്ങിയ ഭീകരസംഘങ്ങളുടെ മുഖ്യ ധനസഹായിയായി തുടരുന്നു'. എങ്കിലും സൗദി അറേബ്യ അമേരിക്കയുടെ  വിലപ്പെട്ട കൂട്ടാളിയാണ്. അവര്‍ നല്ല സ്വേച്ഛാധിപതികളാണ്. ബ്രിട്ടീഷ് രാജകുടുംബം ഇടക്കിടെ അവരെ സന്ദര്‍ശിക്കുന്നു. അമേരിക്ക അവര്‍ക്ക് ആവശ്യമുള്ള ആയുധങ്ങള്‍ വില്‍ക്കുന്നു.  

ഞാന്‍ ഇവിടെ നാം എന്നും നമ്മള്‍ എന്നുമെല്ലാം പ്രയോഗിക്കുന്നത് ചാനല്‍ വാര്‍ത്താവായനക്കാരുടെയും അവതാരകരുടെയും ശൈലി കടമെടുത്താണ്. അവര്‍ക്ക് സര്‍ക്കാറുകളും ജനങ്ങളും തമ്മില്‍ വ്യത്യാസമില്ല. ക്രിമിനല്‍ സര്‍ക്കാറുകള്‍ ചെയ്യുന്നതിലെല്ലാം ജനങ്ങളും പങ്കാളികളാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം. ടോറിയും ലേബറും വൈറ്റ് ഹൗസും തമ്മില്‍ വ്യത്യാസമില്ല. 

നെല്‍സണ്‍ മണ്ടേല മരിച്ചപ്പോള്‍ ബി.ബി.സി ആദ്യം ഡേവിഡ് കാമറൂണിനെയും പിന്നെ ഒബാമയെയും ആണ് കണ്ടത്. കാമറൂണ്‍ വര്‍ണവിവേചനത്തെ പിന്താങ്ങിയ  ആളാണ്. റോബ്ബന്‍ ദ്വീപില്‍ ചെന്ന് മണ്ടേലയ്ക്ക് വേണ്ടി കണ്ണീരൊഴുക്കിയ ഒബാമയാണ് ഗ്വാണ്ടനാമോ തടവറകളുടെ സൂക്ഷിപ്പുകാരന്‍. വാസ്തവത്തില്‍ ഇവര്‍ എന്തുകാര്യത്തിലാണ് മണ്ടേലയെ കുറിച്ച് ദു:ഖിക്കുന്നത്? തീര്‍ച്ചയായും, യു.എസ്.ബ്രിട്ടീഷ് ഗവണ്മെന്റുകള്‍ പതിറ്റാണ്ടുകള്‍ പിന്തുണച്ചുപോന്ന ക്രൂര വര്‍ണവിവേചന ഭരണകൂടത്തെ അത്യസാധരണമായ ഇച്ഛാശക്തിയോടെ എതിരിട്ട വ്യക്തിത്വത്തിന്റെ അന്ത്യത്തെകുറിച്ചാവില്ല അവരുടെ ദു:ഖം. അതിനേക്കാള്‍, വെളള ഭരണകൂടത്തിനെതിരായ കറുത്തവന്റെ കലാപത്തെ തണുപ്പിക്കുന്നതില്‍ മണ്ടേല വഹിച്ച പങ്കിനെയാവും അവര്‍ നന്ദിയോടെ ഓര്‍ക്കുന്നത്. അതുകൊണ്ടാണല്ലോ അന്ന് അവര്‍ മണ്ടേലയെ ജയില്‍ മോചിതനാക്കിയത്. ഇന്നും ദക്ഷിണാഫ്രിക്ക ഒരു വര്‍ണവിവേചന സമൂഹമാണ്. അന്നത്തെ സാമ്പത്തികശക്തികള്‍ ദക്ഷിണാഫ്രിക്കയെ ലോകത്തിലെ ഏറ്റവും അസമത്വ സമൂഹമാക്കി മാറ്റിയിരിക്കുന്നു. ചിലര്‍ ഇതിനെ 'അനുരഞ്ജനം' എന്നുവിളിക്കുന്നു. 

നാം ജീവിക്കുന്നത് ഒരു വിവരയുഗത്തിലാണ്. ഇത് സ്മാര്‍ട്ട്‌ഫോണുകളെ താലോലിച്ച് നാം പരസ്പരം പറയുന്ന കാര്യമാണ്. നാം നിരന്തരം ആശയവിനിമയം നടത്തുകയാണ്. നമുക്കൊരു വിഷയമേ ഉള്ളൂ. എല്ലാ സന്ദേശങ്ങളും നമ്മളെ കുറിച്ചുതന്നെയുള്ളതാണ്. 

വളരെക്കാലം മുമ്പ് ആള്‍ഡസ് ഹക്‌സ്‌ലി, ഇതാണ് വരാന്‍പോകുന്ന ആത്യന്തികമായ സാമൂഹ്യനിയന്ത്രണം എന്ന് പ്രവചിച്ചിട്ടുണ്ട്. ഇത് നാം സ്വയംസന്നദ്ധമായി സ്വീകരിക്കുന്നതാണ്, വിട്ടൊഴിയാന്‍ കഴിയാത്തതാണ്, വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് മിഥ്യാബോധമുണ്ടാക്കുന്നതാണ്. നാം ജീവിക്കുന്നത് ഒരു വിവരയുഗത്തിലല്ല, ഒരു മാധ്യമയുഗത്തിലാണ് എന്നതാണ് സത്യം. മണ്ടേലയുടെ സ്മരണ പോലെ, മാധ്യമത്തിന്റെ മാന്ത്രികമായ സാങ്കേതികവിദ്യയും തട്ടിക്കൊണ്ടുപോകപ്പെട്ടിരിക്കുന്നു. 

2005 ലെ നോബല്‍ സമ്മാനം സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ ഹരോള്‍ഡ് പിന്റര്‍ ലോകവ്യാപകമായ 'സാര്‍വത്രിക നന്മയുടെ വേഷംകെട്ടിയുള്ള, അധികാരശക്തിയുടെ ലോകവ്യാപകമായ ദുരവതരണ'ത്തെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി, 'ഇല്ല, അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല. അങ്ങനെ സംഭവിക്കുന്നു എന്നുപറയുമ്പോഴും സംഭവിക്കാറില്ല'.

പിന്റര്‍ പറഞ്ഞത് മാധ്യമങ്ങളെ കുറിച്ചാണ്. അതിലെ അപ്രഖ്യാപിത സെന്‍സറിങ്ങിനെ കുറിച്ചാണ്. ആവശ്യമായതു വെട്ടിക്കളയുന്ന സെന്‍സറിങ്ങാണത്. ലോകത്തെകുറിച്ച് അറിയുന്നതിനുള്ള നിര്‍ണായകവിവരങ്ങള്‍ വിട്ടുകളയുക എന്നതാണ് അതിന്റെ രീതി. 

കോര്‍പ്പറേറ്റ് ഭരണകൂടം ജനങ്ങളോട് കണക്കുപറയുന്ന അവസ്ഥ മാറ്റി, ജനങ്ങള്‍ കോര്‍പ്പറേറ്റ് ഭരണകൂടത്തോട് കണക്കുപറയേണ്ടിവരുന്ന അവസ്ഥയാക്കി ലിബറല്‍ ജനാധിപത്യം ഇന്ന് മാറിക്കഴിഞ്ഞു. സമ്പന്നര്‍ക്ക് സുഖം, പാവങ്ങള്‍ക്ക് ജീവിതയാതന എന്നതാണ് ബ്രിട്ടനിലെ പാര്‍ട്ടികള്‍ അനുവര്‍ത്തിക്കുന്ന നയത്തിന്റെ ഫലം. ജനാധിപത്യത്തിന്റെ ഈ നിഷേധം ഒരു ചരിത്രമാറ്റമാണ്. അതുകൊണ്ടാണ് എഡ്വേഡ് സ്‌നോഡന്റെയും ചെല്‍സിയ മാന്നിങ്ങിന്റെയും ജുലിയാന്‍ അസ്സാന്‍ജിന്റെയും ധൈര്യം അധികാരസ്ഥര്‍ക്ക് വെല്ലുവിളിയാകുന്നത്. അത് നമുക്കെല്ലാമുള്ള പാഠമാണ്. പ്രമുഖ ലേഖകന്‍ ക്ലോഡ് കോക്ക്‌ബേണിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്- 'ഔദ്യോഗികമായി നിഷേധിക്കുന്നതുവരെ ഒന്നും വിശ്വസിക്കരുത്'. 

ഇറാഖിനെ ആക്രമിക്കുന്നതിന് ഗവണ്മെന്റുകള്‍ വട്ടം കൂട്ടുന്നതിന് മുമ്പ് അവരുടെ കള്ളത്തരങ്ങള്‍ മാധ്യമങ്ങള്‍ ശരിക്കും തുറന്നുകാട്ടിയിരുന്നുവെങ്കില്‍ പത്തുലക്ഷം പേര്‍ മരിക്കുമായിരുന്നില്ല. 

ജോണ്‍ പില്‍ജര്‍

(ബി.ബി.സി റേഡിയോ 4 പ്രോഗ്രാമില്‍ പറഞ്ഞതിന്റെ എഡിറ്റ്  ചെയ്ത രൂപമാണിത്. കടപ്പാട്; mediachannel.org)

 

Share