Articles Editorial Details

വായനക്കാരന്റെ ചോദ്യം, മാധ്യമങ്ങളുടെ മറുപടി

calender 25-05-2022

മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥര്‍ സ്ഥാപനത്തില്‍ വഹിക്കുന്ന സ്ഥാനങ്ങളിലും പദവികളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വായനക്കാരും ശ്രദ്ധിക്കുന്നുണ്ടാവും. അവരത് ചര്‍ച്ച ചെയ്യുന്നുമുണ്ടാകാം. പക്ഷേ, വായനക്കാര്‍ക്ക് ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ടോ? അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്ഥാപനത്തിന് ബാധ്യതയുണ്ടോ? 

റീഡേഴ്‌സ് എഡിറ്റര്‍ എന്ന സംവിധാനം വികസിത ലോകത്ത് ശക്തിപ്രാപിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ പത്രപ്രവര്‍ത്തക പാഠപുസ്തകങ്ങളില്‍ മാത്രം കണ്ടുവരുന്നതാണ് അത്. റീഡേഴ്‌സ് എഡിറ്റര്‍ എന്ന സംവിധാനം പ്രയോഗത്തില്‍ കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമായ ദി ഹിന്ദു മേലെ ഉന്നയിച്ച ചോദ്യം സ്വയംചോദിക്കുകയും ഭാഗികമായെങ്കിലും അതിന് മറുപടി പറയുകയും ചെയ്തു എന്നത് ഇന്ത്യന്‍ മാധ്യമരംഗത്ത് ഒരു അപൂര്‍വത തന്നെയാണ്. 

ദി ഹിന്ദുവിന്റെ റീഡേഴ്‌സ് എഡിറ്റര്‍ എ.എസ്.പന്നീര്‍ശെല്‍വന്‍ എല്ലാ തിങ്കളാഴ്ചയും വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും സ്വയം ചില സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുവരുന്നു. വായനാസമൂഹം ശ്രദ്ധിക്കുന്ന ഒരു കാര്യമാണിത്. 2013 ഒക്‌റ്റോബറില്‍ ദി ഹിന്ദുവിന്റെ എഡിറ്റോറിയല്‍  തലപ്പത്ത് കാര്യമായ മാറ്റങ്ങളുണ്ടായി. പൊതുവെ ഇത്തരം മാറ്റങ്ങള്‍ അതത് മാധ്യമങ്ങളല്ല, മാധ്യമങ്ങള്‍ക്ക് പുറത്തുള്ളവരേ ചര്‍ച്ച ചെയ്യാറുള്ളൂ. 

പക്ഷേ, ഇവിടെ ചെറിയ വ്യത്യാസമുണ്ടായി. സ്ഥാപനം നിശ്ശബ്ദത വെടിഞ്ഞ് ചില സ്വയം വിമര്‍ശനങ്ങളും വിലയിരുത്തലുകളും വായനക്കാര്‍ കേള്‍ക്കേ തന്നെ നടത്തി. 

സ്വമേധയാ ആയിരുന്നു ഈ വിലയിരുത്തലുകള്‍ എന്ന് പറഞ്ഞുകൂടാ. വായനക്കാര്‍ സാധാരണയായി തങ്ങളുടെ എഡിറ്ററോട് (പത്രത്തിന്റെ എഡിറ്റര്‍ വേറെ, റീഡേഴ്‌സ് എഡിറ്റര്‍ വേറെ) ദിനം പ്രതി ചോദ്യങ്ങള്‍ ചോദിക്കാറുണ്ടാവാം. പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് റീഡേഴ്‌സ് എഡിറ്റര്‍ പത്രത്തില്‍തന്നെ മറുപടി പറയാറുമുണ്ട്. ദി ഹിന്ദു സ്വീകരിച്ച ചില നിലപാടുകള്‍, ചില വാര്‍ത്തയിലെ തെറ്റുകള്‍ എന്നിവ റീഡേഴ്‌സ് എഡിറ്റര്‍ ഏറ്റുപറയാറുണ്ട്, ചിലവ സ്വയം ചൂണ്ടിക്കാട്ടാറുമുണ്ട്. പത്രത്തിന്റെ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ വന്ന മാറ്റത്തെ കുറിച്ചും ഇതിന്റെ ഫലമായി പത്രത്തിന്റെ ഉള്ളടക്കത്തിലും രൂപകല്പനയിലും ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ചോദ്യങ്ങളുണ്ടായപ്പോള്‍ റീഡേഴ്‌സ് എഡിറ്റര്‍ അല്പമൊന്ന് അമ്പരന്നുപോയി. പ്രസിദ്ധപ്പെടുത്തിയ ഉള്ളടക്കത്തിന്റെ ശരിതെറ്റുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് റീഡേഴ്‌സ് എഡിറ്റര്‍ മറുപടി പറയേണ്ടത്. എഡിറ്റോറിയല്‍ തലപ്പത്തെ മാറ്റങ്ങളിലേക്ക് കടക്കാന്‍ തന്നെ കമ്പനി അധികാരപ്പെടുത്തിയിട്ടില്ലല്ലോ. 

സ്ഥാനമാനങ്ങളിലെ മാറ്റങ്ങളെ ന്യായീകരിക്കലോ വിശദീകരിക്കലോ  തന്റെ ചുമതലയല്ല എന്ന നിലപാടാണ് റീഡേഴ്‌സ് എഡിറ്റര്‍ സ്വീകരിച്ചത്. അദ്ദേഹം എന്തെല്ലാം ചെയ്യണം എന്ന് തീരുമാനിക്കുന്നത് അദ്ദേഹവും അദ്ദേഹത്തെ നിയമിച്ച ദി ഹിന്ദുവിന്റെ മാനേജ്‌മെന്റുമാണ്. അതിന്റെ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ല. സ്ഥാനമാറ്റങ്ങളുടെ ഫലയായുണ്ടായ ഉള്ളടക്ക - ഘടനാപര മാറ്റങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. അതില്‍ പത്രപ്രവര്‍ത്തക മര്യാദകളുടെ പ്രശ്‌നങ്ങള്‍ ഇല്ലതന്നെ. അത് ഒരു മാധ്യമവും അതിന്റെ വായനക്കാരും തമ്മിലുള്ള സംഭാഷണമാണ്. മറ്റൊരാള്‍ അതില്‍ ഇടപെട്ട് അഭിപ്രായപ്രകടനം നടത്തേണ്ട കാര്യം ഇപ്പോഴില്ല. 

പത്രവും വായനക്കാരും തമ്മില്‍ നിരന്തര സംഭാഷണം നടക്കുന്നു എന്നതാണ് പ്രധാനം. പത്ര ഉടമസ്ഥതയും പത്രാധിപരും അല്ലാതെ ഒരാള്‍ വായനക്കാര്‍ക്ക് വേണ്ടി മാധ്യമ ഉള്ളടക്കത്തെ പരിശോധിക്കുന്നു, വിലയിരുത്തുന്നു എന്നതാണ് അതിലേറെ പ്രധാനം. പത്രാധിപരുടെ നിലപാടുകളെ ചിലപ്പോഴെങ്കിലും പത്രത്തിലൂടെതന്നെ ചോദ്യം ചെയ്യുന്നു. ഇതിന്റെയൊന്നും പ്രാധാന്യത്തെ ആര്‍ക്കും ചുരുക്കിക്കാണിക്കാന്‍ പറ്റില്ല. എത്ര മാധ്യമങ്ങളില്‍ ഇതുനടക്കുന്നുണ്ട്? ഞങ്ങള്‍ പറയാം, നിങ്ങള്‍ കേട്ടാല്‍ മതി എന്ന വളരെ പഴഞ്ചന്‍ നിലപാടില്‍ നിന്ന് മാറാന്‍, പഴഞ്ചന്‍ പാതക്കാര്‍ എന്ന് പഴി കേള്‍ക്കാറുള്ള ദി ഹിന്ദു മാത്രമേ തയ്യാറായിട്ടുള്ളൂ എന്നതാണ് ദുഃഖകരമായ സത്യം. 

ചോദ്യങ്ങള്‍ക്ക് പലതിനും മറുപടി കിട്ടിയില്ലെങ്കിലും ദി ഹിന്ദു വായനക്കാര്‍ക്ക് ചില ഉറപ്പുകള്‍ മാനേജ്‌മെന്റിന് കൂടി വേണ്ടി റീഡേഴ്‌സ് എഡിറ്റര്‍ നല്‍കുന്നുണ്ട്. മാറ്റങ്ങള്‍ പലതും നടന്നിരിക്കാം. പക്ഷേ, വായനക്കാരോടുള്ള മുഖ്യമായ പ്രതിബദ്ധതകളില്‍ മാറ്റമൊന്നുമില്ല. നാല് കാര്യങ്ങള്‍ അദ്ദേഹം എടുത്തുപറയുന്നു. 1. വാര്‍ത്തയില്‍ ലേഖകന്റെ അഭിപ്രായപ്രകടനങ്ങളും പക്ഷപാതം പ്രകടിപ്പിക്കുന്ന വിശേഷണങ്ങളും ഒഴിവാക്കും. 2. എഴുതുന്ന കാര്യങ്ങള്‍ ശരിയാണ് എന്നുറപ്പുവരുത്താനുള്ള മുന്‍ പരിശോധനകള്‍ നടത്തും, വാര്‍ത്തയുടെ എല്ലാ വശങ്ങളും വായനക്കാരനിലെത്തിക്കും. 3. പത്രത്തിന്റെ പാരമ്പര്യവും ചരിത്രബോധവും അടിസ്ഥാനപ്പെടുത്തി പൂര്‍ണമായ പ്രൊഫഷനല്‍ കാഴ്ച്ചപ്പാടില്‍ വാര്‍ത്താപ്രാധാന്യം നിശ്ചയിക്കും. 4. അന്താരാഷ്ട്ര പ്രാമുഖ്യമുള്ള എഴുത്തുകാരുടെ പംക്തികള്‍ക്ക് പുറമെ, സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക വിഷയങ്ങളില്‍ സാധ്യമായേടത്തോളം വൈവിദ്ധ്യവും ബഹുസ്വരതയും പ്രതിഫലിക്കുന്ന ലേഖനങ്ങളാവും എഡിറ്റോറിയല്‍, ഓപ് എഡിറ്റ് പേജുകളില്‍ പ്രസിദ്ധപ്പെടുത്തുക.  

ഗുരുതരമായ തെറ്റുകള്‍ വാര്‍ത്തയില്‍ ഉണ്ടാകുന്നു. ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പറ്റുന്ന നിസ്സാര തെറ്റുകളുടെ പേരില്‍ പോലും അവരെ പരസ്യവിചാരണ നടത്തുന്നവരല്ലേ നമ്മള്‍ പത്രപ്രവര്‍ത്തകര്‍? കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഓരോ പത്രങ്ങള്‍ എത്ര വീതം തെറ്റുവരുത്തിയിട്ടുണ്ട്, എത്ര തിരുത്തുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്? ആരുടെ കൈയിലുമില്ല ഇതിന്റെയൊന്നും കണക്ക്. അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു തിരുത്തുപോലും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത പത്രങ്ങളുണ്ട്. തെറ്റുവരുത്തുക പൊതുരീതിയും തിരുത്തുക എന്നത് കുറ്റകൃത്യവുമായി കാണുന്നവരാണോ ദൃശ്യമാധ്യമങ്ങളിലുള്ളവര്‍ എന്ന് തോന്നിപ്പോകാറുണ്ട്. ആരോടും കണക്ക് പറയേണ്ടവരല്ല തങ്ങള്‍ എന്നതാണ് എല്ലാവരുടെയും ധാര്‍ഷ്ട്യം. 

പുതിയ കാലത്തിന്റെ രീതികളില്‍ ആശാസ്യവും അനാശാസ്യവുമായ പലതും കാണും. അനാശാസ്യമായവയെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുക എന്നത് മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും മാധ്യമങ്ങള്‍ അത് ചെയ്യുന്നുണ്ട്. വായില്‍ വരുന്നതെല്ലാം എഴുതിത്തുലയ്ക്കാന്‍ സ്വാതന്ത്ര്യവും അവസരവും ഉണ്ട് നവമാധ്യമങ്ങളില്‍. സോഷ്യല്‍ മീഡിയയില്‍ അംഗീകൃത എഴുത്തുകാരുടെ രചനകള്‍പോലും കുടലുകീറി പരിശോധിക്കപ്പെടുന്നു, വിമര്‍ശിക്കപ്പെടുന്നു. കമന്റുകള്‍ എഡിറ്ററുടെ പേന കാണുക പോലും ചെയ്യാതെ പ്രസിദ്ധപ്പെടുത്തുന്നു. പക്ഷേ, പരമ്പരാഗത മാധ്യമത്തില്‍ പണ്ടത്തെ അത്രപോലും വായനക്കാരന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്പിക്കപ്പെടാതെ പോകുന്നു. വിവരാവകാശത്തിന്റെ സൂര്യപ്രകാശത്തില്‍ നഗ്നമാക്കപ്പെടുകയാണ് ഭരണത്തിന്റെ മൂന്നു എസ്റ്റേറ്റുകളും. ആര്‍ക്കും കയറിച്ചെന്ന് ഏത് ഫയലും എടുത്തുപരിശോധിക്കാം, തൊണ്ണൂറു ശതമാനം സര്‍ക്കാര്‍ ഓഫീസുകളിലും. മൂന്നു എസ്റ്റേറ്റുകളില്‍ അനുവദിക്കപ്പെടുന്ന സുതാര്യതയുടെ എത്ര ശതമാനമുണ്ട് നാലാമത്തെ എസ്റ്റേറ്റില്‍?  പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും സുതാര്യതയുടെയും കാര്യം വരുമ്പോള്‍ ഫോര്‍ത്ത് എസ്റ്റേറ്റ് വെറും റിയല്‍ എസ്റ്റേറ്റുകാരെപ്പോലെ പ്രതികരിക്കുന്നത് സമൂഹം എക്കാലവും പൊറുപ്പിക്കും എന്ന് കരുതിക്കൂടാ.

 

Share