Articles Newsnet Details

യൂത്ത് ജേണലിസം, ഗ്ലോബല്‍ എഡിറ്റേഴ്‌സ് നെറ്റ്‌വര്‍ക്ക്, ജേണലിസ്റ്റ് എക്‌സ്പ്രസ്‌

calender 25-05-2022

യൂത്ത് ജേണലിസം - കൗമാരക്കാര്‍ക്ക് ജേണലിസം വിദ്യാഭ്യാസം നല്കാന്‍ ഉദ്ദേശിച്ചുള്ള വെബ്‌സൈറ്റ് ആണ് http://youthjournalism.org. . അമേരിക്കയിലെ കണക്ടിക്കട്ടില്‍ 1994ല്‍ ചെറിയ സംരംഭമായി രണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ആരംഭിച്ച ഈ പ്രസ്ഥാനം 2007ല്‍ ആഗോള സംരംഭമായി. 12 മുതല്‍ 24 വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുന്നതാണ് ഈ വെബ്‌സൈറ്റ്. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാം. പ്രമുഖരുമായി കമ്യൂണിക്കേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാം. അമേരിക്ക കൂടാതെ 40 രാജ്യങ്ങളില്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ ഉണ്ട്. രചനാ ശൈലി, പത്രപ്രവര്‍ത്തന മര്യാദകള്‍, പത്രപ്രവര്‍ത്തകന്റെ ചുമതലകള്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പഠിപ്പിക്കുന്നത്.

 

യൂത്ത് ജേണലിസത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള നിരവധി ലേഖനങ്ങള്‍ ഈ സൈറ്റില്‍ നല്കിയിട്ടുണ്ട്. അതില്‍ നിന്നു തന്നെ ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു മനസിലാക്കാവുന്നതാണ്. ലോകമെമ്പാടും കള്‍ച്ചറല്‍ അംബാസഡര്‍മാരുണ്ട് ഈ പ്രസ്ഥാനത്തിന്. ചെന്നൈയിലെ ഐ.ഐ.ടി വിദ്യാര്‍ഥി പുഷ്‌കല്‍ ശിവം ആണ് ഇന്ത്യയിലെ അംബാസഡര്‍. ഇതു വഴി എങ്ങനെ പത്രപ്രവര്‍ത്തനം പഠിക്കാമെന്നതു സംബന്ധിച്ച് ധാരാളം വിവരങ്ങള്‍ ഇതിന്റെ എഫ്.എ.ക്യു വിഭാഗത്തില്‍ നിന്നു കണ്ടെത്താം.

ധാരാളം വിവരങ്ങള്‍ ഇതിന്റെ ഹോം പേജില്‍ നിന്നു തന്നെ  കണ്ടെത്താം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിദ്യാര്‍ഥികള്‍ എഴുതിയ വാര്‍ത്തകളും ലേഖനങ്ങളും ഹോം പേജില്‍ തന്നെയുണ്ട്. ഇവ വിദ്യാര്‍ഥികളുടേ നിലവാരം വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളുടെ സംസ്‌കാരം മനസ്സിലാക്കാനും ഉചിതമാണിത്.

 

ഗ്ലോബല്‍ എഡിറ്റേഴ്‌സ് നെറ്റ്‌വര്‍ക്ക് - പത്രപ്രവര്‍ത്തനം സംബന്ധിച്ച പുതിയ വിവരങ്ങള്‍ എഡിറ്റര്‍മാര്‍ക്കിടയില്‍ കൈമാറ്റം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗ്ലോബല്‍ എഡിറ്റേഴ്‌സ് നെറ്റ്‌വര്‍ക്ക് (ജി.ഇ.എന്‍.). സംഘടനയുടെ വെബ്‌സൈറ്റ് http://www.globaleditorsnetwork.org ഇവരുടെ പ്രവര്‍ത്ഥനങ്ങള്‍ വിവരിക്കുന്നു. ലോകമെമ്പാടും നിന്ന് 900ല്‍ അധികം സീനിയര്‍ എഡിറ്റര്‍മാര്‍ ഇതില്‍ അംഗങ്ങളാണ്. പത്രപ്രവര്‍ത്തകര്‍ക്ക് കഴിവുകള്‍ വികസിപ്പിക്കാനുള്ള നിരവധി ശില്പശാലകള്‍ സംഘടിപ്പിക്കുക, പഠനരേഖകള്‍ ഉണ്ടാക്കുക തുടങ്ങിയവ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളാണ്. ഈ സംഘടന ഏര്‍പെടുത്തിയിട്ടുള്ള ഡേറ്റാ ജേണലിസം അവാര്‍ഡ് (ഡി.ജെ.എ) അതി പ്രശസ്തമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് വളരെ സഹായകമാണ് ഇതിന്റെ ന്യൂസ് ലെറ്റര്‍. എല്ലാ വ്യാഴാഴ്ചയും പ്രസിദ്ധീകരിക്കുന്ന ഈ ന്യൂസ് ലെറ്റര്‍ ലോകമെമ്പാടുമുള്ള ന്യൂസ്‌റൂമുകളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്. ജി.ഇ.എനിന്റെ ഒരു അംഗവുമായുള്ള ഇന്റര്‍വ്യൂ ആയിരിക്കും ഇതിലെ പ്രധാന ഉള്ളടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ രംഗത്തു നടക്കുന്ന പുതിയ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ ഈ ഇന്റര്‍വ്യൂ സഹായകമാകും.ഇതിന്റെ പ്രസ്‌റൂം വിഭാഗത്തില്‍ നിന്ന് പത്രപ്രവര്‍ത്തന മേഖല സംബന്ധിച്ച പുതിയ ആര്‍ട്ടിക്കിളുകളും വിവിധ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളും കിട്ടും.

 

ജേണലിസ്റ്റ് എക്‌സ്പ്രസ് - പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ട ഒട്ടനവധി വിവരങ്ങളിലേക്കുള്ള ജാലകമാണ് http://www.journalistexpress.com. സൗജന്യമായി അംഗത്വമെടുത്ത് ഇതിലെ കൂടുതല്‍ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സെര്‍ച്ച് എഞ്ചിന്‍ എന്ന് ഈ സൈറ്റിനെ വിശേഷിപ്പിക്കാം. വിവിധ പത്രങ്ങള്‍, മാഗസിനുകള്‍, ജേണലിസം പഠനത്തിനുള്ള വിവിധ ലേഖനങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലേക്ക് ഈ സൈറ്റില്‍ നിന്ന് അനായാസം കടന്നു ചെല്ലാം. 

 

വിഷയം തിരിച്ചുള്ള ലിങ്കുകളാണ് ഈ സൈറ്റിലെ ഏറ്റവും പ്രധാന പ്രത്യേകത. വിവിധ വിഷയങ്ങളിലെ വിദഗ്ധരെ കണ്ടെത്താനുള്ള പീപ്പിള്‍ സെര്‍ച്ച്, പത്രപ്രവര്‍ത്തകരുടെ സ്‌പെഷലൈസേഷന്‍ അനുസരിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ലിങ്കുകള്‍, രാജ്യാന്തരതലത്തില്‍ പത്രപ്രവര്‍ത്തന മേഖലയിലെ തൊഴിലവസരങ്ങള്‍ തുടങ്ങിയവ  കണ്ടെത്താനുള്ള ലിങ്കുകള്‍ എന്നിവ ഈ സൈറ്റിന്റെ പ്രത്യേകതയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് ഉറപ്പായും ആശ്രയിക്കാവുന വെബ്‌സൈറ്റാണിത്. 

 

Share